ന്യൂഡൽഹി: 'ചന്ദ്രയാൻ 2' ബഹിരാകാശ ദൗത്യം പരാജയമായതിനെ തുടർന്ന് കണ്ണുനീരണിഞ്ഞ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്ലേഷിച്ചപ്പോൾ വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തി ഐ.എസ്.ആർ.ഒ മേധാവി കെ.ശിവൻ. തന്റെ മനസ്സിൽ അപ്പോൾ എന്താണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കൃത്യമായി മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. സെപ്തംബർ ഏഴിനാണ് വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപെട്ടത്. ഇതിനു ശേഷമാണ് പരാജയത്തിലുള്ള ദുഃഖം സഹിക്കാനാകാതെ വിതുമ്പിയ ഐ.എസ്.ആർ.ഒ മേധാവിയെ പ്രധാനമന്ത്രി ആശ്ലേഷിച്ച ശേഷം ആശ്വസിപ്പിച്ചത്.
'ഞാൻ വിഷമിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രി എന്നെ കെട്ടിപിടിച്ചത്. എന്റെ മനസിൽ അപ്പോൾ എന്തായിരുന്നു എന്ന് അദ്ദേഹം കൃത്യമായി മനസിലാക്കി. നേതൃപാടവമാണ് അപ്പോൾ അദ്ദേഹം പ്രദർശിപ്പിച്ചത്. ആ ആശ്ലേഷം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പ്രധാനമന്ത്രി തന്നെ എന്നെ ആശ്ലേഷിച്ചത് വലിയൊരു കാര്യമാണ്. അത് ഞങ്ങൾക്കെല്ലാം വലിയ ആശ്വാസമാണ് നൽകിയത്. കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനുള്ള മനോബലം അത് ഞങ്ങൾക്ക് നൽകി. കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ ആർജവത്തോടെ ജോലി ചെയ്യുകയാണ് ഞങ്ങൾ ഇപ്പോൾ.' ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലായ് 22നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 'ചന്ദ്രയാൻ 2' വിക്ഷേപിക്കപ്പെട്ടത്. ശേഷം സെപ്തംബർ ആറിന് ചന്ദ്രയാൻ 2വിലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ 'സോഫ്റ്റ് ലാൻഡ്' ചെയ്യുന്നത് കാണാൻ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. തുടർന്നാണ് ലാൻഡറുമായുള്ള ബന്ധം ഐ.എസ്.ആർ.ഒയ്ക്ക് നഷ്ടമായത്.