
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി പാസാക്കിയ ഇന്ത്യൻ പാർലമെന്റിനെതിരെ സമരം ചെയ്യുന്നവർ പാകിസ്ഥാനെതിരെ ഒന്നും മിണ്ടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധക്കാർ പാകിസ്ഥാന്റെ പ്രവൃത്തികളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് വേണ്ടെതെന്നും നരേന്ദ്ര മോദി പറഞ്ഞു. കർണാടകയിലെ തുംകൂരുവിൽ കർഷകറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിലാണ് പാകിസ്ഥാൻ രൂപപ്പെട്ടത്. മതന്യൂനപക്ഷങ്ങൾ അവിടെ പീഡനത്തിന് ഇരയാവുകയാണ്. അവർ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി വരാൻ നിർബന്ധിതരാകുന്നു. പക്ഷേ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്ഥാന് എതിരെയല്ല സംസാരിക്കുന്നത്, അഭയാർത്ഥികൾക്ക് എതിരെ റാലി നടത്തുകയാണെന്ന് മോദി വിമർശിച്ചു.
കഴിഞ്ഞ ദശാബ്ദം ആരംഭിക്കുമ്പോൾഎന്തായിരുന്നു ഇന്ത്യയുടെ അവസ്ഥയെന്ന് എല്ലാവർക്കും ഓർമ്മ കാണും. പ്രതീക്ഷകളുടെ ശക്തമായ അടിത്തറയിലാണ് പുതിയ ദശാബ്ദം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ മൂന്നാമത്തെ ഗഡുവും അദ്ദേഹം പ്രഖ്യാപിച്ചു.