തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമല്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. കേന്ദ്രത്തോട് പ്രമേയത്തിലൂടെ അഭ്യർത്ഥിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. അങ്ങനെ പാടില്ലെന്ന് താൻ വായിച്ച ഭരണഘടനയിൽപറഞ്ഞിട്ടില്ല. സമാനമായ പ്രമേയങ്ങൾ നേരത്തെയും പാസാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പൗരത്വ നിയമഭേഗതിയിൽ ഗവർണർക്കെതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം സ്വയം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പിയുടെ ഏജന്റാണെന്നും കെ.മുരളീധരൻ വിമർശിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ ദേശരക്ഷാ ലോംഗ് മാർച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവർണർക്കെതിരെയുള്ള മുരളീധരന്റെ പരാമർശം. ഗവർണർ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.