tata-group

മുംബയ്: സൈറസ് പലോൺജി മിസ്‌ത്രിയെ എക്‌‌സിക്യൂട്ടീവ് ചെയർമാനായി പുനർനിയമിച്ച നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി) ഉത്തരവിനെതിരെ ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ ടി.സി.എസ്., ടാറ്റ ഇൻഡസ്‌ട്രീസ് ലിമിറ്രഡ്, ടാറ്റ ടെലിസ‌വീസസ് (മഹാരാഷ്‌ട്ര) ലിമിറ്റഡ് എന്നിവയുടെ ഡയറക്‌ടറായി മിസ്‌ത്രിയെ പുനർനിയമിച്ചതും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ശീതകാല അവധിക്ക് ശേഷം കോടതി വീണ്ടും തുറക്കുന്ന ജനുവരി ആറിന് ഹർജി പരിഗണിച്ചേക്കും. ടി.സി.എസിന്റെ ഡയറക്‌ടർ ബോർഡ് യോഗം നടക്കുന്ന ജനുവരി ഒമ്പതിന് മുമ്പ് അനുകൂല വിധി നേടുകയാണ് ടാറ്റ സൺസിന്റെ ലക്ഷ്യം. ഒമ്പതിന് ടി.സി.എസിന്റെ ഒക്‌ടോബർ-ഡിസംബർപാദ പ്രവർത്തനഫലം പരിശോധിക്കാനാണ് ബോർഡ് യോഗം ചേരുന്നത്.

ടാറ്റ സൺസിന്റെ താത്പര്യങ്ങൾ മുറിപ്പെടുത്തുന്ന തീരുമാനങ്ങളാണ് ചെയർമാനും ഡയറക്‌ടറുമായിരിക്കേ മിസ്‌ത്രി കൈക്കൊണ്ടതെന്ന് ഹർ‌ജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചെയർമാൻ എമിരറ്റസ് ആയ രത്തൻ ടാറ്റയുമായും മിസ്‌ത്രി രസത്തിലായിരുന്നില്ല. ഓഹരി ഉടമകളുടെ താത്പര്യങ്ങളും വ്രണപ്പെട്ട പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തെ 2016 ഒക്‌ടോബർ 24ന് അപ്രതീക്ഷിത നീക്കത്തിലൂടെ ടാറ്റ സൺസ് പുറത്താക്കിയത്. തുടർന്ന്,​ 2017ഫെബ്രുവരി​യി​ൽ ടാറ്റാ കുടുംബത്തി​ന് പുറത്തു നി​ന്നുള്ള ആദ്യ ചെയർമാനായി​ എൻ. ചന്ദ്രശേഖരൻ ​ ചുമതലയേറ്റു.

പുറത്താക്കലിനെതിരെ മിസ്‌ത്രി സമർ‌പ്പിച്ച ഹർജി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി)​ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം എൻ.സി.എൽ.എ.ടിയെ സമീപിച്ച് അനുകൂല വിധി നേടിയത്. ചന്ദ്രശേഖരന്റെ നിയമനം നിയമപ്രകാരമല്ലെന്നും എൻ.സി.എൽ.എ.ടി വിധിച്ചിരുന്നു. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്‌ത്രി കുടുംബത്തിനുള്ളത്.

മിസ്‌ത്രിയും ടാറ്റയും

 2012ൽ ടാറ്റ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാൻ പദവി

 2016 ഒക്ടോബർ 24 : ചെയർമാൻ സ്ഥാനത്ത് നി​ന്ന് സൈറസ് മി​സ്ത്രിയെ ബോർഡ് പുറത്താക്കി​. ഇടക്കാല ചെയർമാനായി​ രത്തൻ ടാറ്റ ചുമതലയേറ്റു.

 ഗ്രൂപ്പി​ന്റെ തളർച്ചയ്ക്ക് കാരണം രത്തൻ ടാറ്റയാണെന്ന് മി​സ്ത്രി​ ആരോപി​ക്കുന്നു.

 2017 ഫെബ്രുവരി​ 20 : ടി​.സി​.എസ് സി​.ഇ.ഒ എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പ് ചെയർമാനായി​.

 2018 ജൂലായ് 9 : ചെയർമാൻ സ്ഥാനത്ത് നി​ന്ന് നീക്കി​യതി​നെതി​രെയുള്ള മി​സ്ത്രിയുടെ ഹർജി​ എൻ.സി.എൽ.ടി തള്ളി

 2018 ആഗസ്റ്റ് 3 : കമ്പനി​ ലാ അപ്പലേറ്ര് ട്രി​ബ്യൂണലി​ൽ മി​സ്ത്രിയുടെ അപ്പീൽ.

 2019 ഡിസംബർ 18: മിസ്‌ത്രിയെ പുറത്താക്കിയത് നിയമപ്രകാരമല്ലെന്ന് എൻ.സി.എൽ.എ.ടി വിധി. അദ്ദേഹത്തെ വീണ്ടും ചെയർമാനായി നിയമിക്കുകയും ചെയ്‌തു

 ഫോട്ടോ:

രത്തൻ ടാറ്രയും സൈറസ് മിസ്‌ത്രിയും