baby

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലെ സംസ്ഥാന സർക്കാരിന് കീഴിലെ ജെ.ജെ ലോൺ ആശുപത്രിയിൽ ഇതോടെ ഡിസംബറിലെ ശിശുമരണങ്ങളുടെ എണ്ണം 102 കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 11 കുഞ്ഞുങ്ങൾ കൂടി മരിച്ചതോടെയാണിത്.
ഡിസംബർ 23-24 ദിവസങ്ങളിൽ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കൾ മരിച്ചിരുന്നു. കൂട്ട ശിശുമരണങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മിഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തി.

ഡിസംബർ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു.

കോട്ടയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ നവജാതശിശുക്കളുടെ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്തത് 2019ലാണ്.

ശിശുമരണ നിരക്ക് നിയന്ത്രണാതീതമായതോടെ അന്വേഷിക്കാൻ

സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ആശുപത്രിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഓക്‌സിജൻ ട്യൂബുകളുടെ കുറവുണ്ടെന്നും കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

കോട്ടയിലെ ശിശുമരണ കണക്ക് ഇങ്ങനെ

സോണിയ റിപ്പോർട്ട് തേടി

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സ്ഥിതിഗതിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അവിനാശ് പാണ്ഡെയിൽ നിന്ന് വിശദീകരണം തേടി.


കോട്ട ആശുപത്രിയിലെ കുട്ടികൾ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാനോ സാന്ത്വനിപ്പിക്കനോ പ്രിയങ്കാ ഗാന്ധി തയ്യാറായിട്ടില്ല. അങ്ങനെയാണെങ്കിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പ്രിയങ്ക സന്ദർശനം നടത്തുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്ന് പറയേണ്ടിവരും. ഈ വിഷയത്തിൽ നിർവികാരവും നിരുത്തരവാദപരവുമായ സമീപനമാണ് കോൺഗ്രസിന്റേതെന്നുള്ളത് അപലപനീയമാണ്.

- മായാവതി, ബി.എസ്.പി

കോട്ടയിലെ ആശുപത്രിയിൽ നൂറുകുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണ്. അമ്മമാർക്കുണ്ടായ നഷ്ടം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക അവബോധത്തിനും എതിരാണ്. സ്ത്രീകളായിരുന്നിട്ടുകൂടി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അതു മനസിലാകുന്നില്ലെന്നുള്ളത് സങ്കടകരമാണ്.
- യോഗി ആദിത്യനാഥ്, യു.പി മുഖ്യമന്ത്രി