k-surendran

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച മുഴക്കിയ കെ. മുരളീധരനെരിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. കെ.മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രൻ പറഞ്ഞു. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം സ്വയം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നാണ് കെ.മുരളീധരൻ എം.പി പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പിയുടെ ഏജന്റാണെന്നും കെ.മുരളീധരൻ വിമർശിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ ദേശരക്ഷാ ലോംഗ് മാർച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവർണർക്കെതിരെയുള്ള മുരളീധരന്റെ പരാമർശം. ഗവർണർ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.

നേരത്തെ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. നിയമസഭയുടെ പ്രമേയത്തിന് നിയമസാധുത ഇല്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ പ്രമേയം തള്ളിയത്. കേരളത്തിന്റെ അധികാരപരിധിയിൽ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവർണര്‍ ചോദിച്ചു. പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ഗവർണർ പറഞ്ഞു.