ലക്‌നൗ: രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ മരിച്ച ശിശുക്കളുടെ അമ്മമാരെ കോൺഗ്രസ് അദ്ധ്യക്ഷ പ്രിയങ്ക ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെ വിമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി രാഷ്ട്രീയത്തിൽ ഇടപെട്ട് സമയം കളയുന്നതിന് പകരം രാജസ്ഥാനിലെ ദുഃഖിതരായ അമ്മമാരെ സന്ദർശിക്കാൻ പ്രിയങ്ക തയ്യാറാകണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ല എന്നത് ദുഃഖകരമാണ്. നിരപരാധികളായ നൂറുകണക്കിന് കുട്ടികൾ സർക്കാർ ആശുപത്രിയിൽ മരിക്കാന്‍ ഇടയായ സംഭവം ഹൃയഭേദകമാണെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ നിരുത്തരവാദപരമായ പ്രവർത്തനവും സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൗനവും തന്റെ ദുഃഖം വർദ്ധിപ്പിക്കുന്നുവെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.
ശിശുമരണങ്ങളുടെ പേരിൽ ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും കോൺഗ്രസിനെ വിമർശിച്ചിരുന്നു. മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദര്‍ശിക്കാൻ തയ്യാറാകാത്ത പ്രിയങ്ക പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ വീടുകൾ സന്ദർശിക്കുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്ന് പറയേണ്ടി വരുമെന്ന് മായാവതി വിമർശിച്ചിരുന്നു.