ലക്‌നൗ: എന്റെ അമ്മയും അച്ഛനും എപ്പോഴാ വരിക?'' എന്നെഴുതിയ ബോർഡുമായി അമ്മായിക്കൊപ്പം തെരുവിലിരിക്കുന്ന ചമ്പകിന്റെ ചിത്രം പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിലൂടെ വൈറലായപ്പോൾ രാജ്യത്തിന്റെ മുഴുവൻ നൊമ്പരമായി മാറുകയായിരുന്നു ആ ഒരു വയസുകാരി.
ഉത്തർപ്രദേശിൽ പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തതിന് അമ്മ ഏക്തയേയും അച്ഛൻ രവി ശേഖറിനെയും ജയിലിലടച്ചപ്പോഴാണ് മുലപ്പാൽ കിട്ടാതെ വാടിയ മുഖവുമായി ചമ്പക് അമ്മായി ദെബ്രതയ്ക്കൊപ്പം സമരത്തിനിറങ്ങിയത്. കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം അച്ഛനും അമ്മയും ഇന്നലെ തിരിച്ചെത്തിയതോടെ കരഞ്ഞ് കലങ്ങിയ കുഞ്ഞു ചമ്പകിന്റെ കുഞ്ഞുമുഖത്ത് വിരിഞ്ഞൂ 'ചെമ്പകപ്പൂ' ചിരി.
അമ്മായി ദേബബ്രതയുടെ കയ്യിലിരുന്ന ചമ്പകിനെ അമ്മ വന്ന ഉടനെ വാരിയെടുത്ത് ഉമ്മ
വയ്ക്കുന്ന അമ്മ ഏക്തയുടെ ചിത്രമായിരുന്നു ഇന്നലെ സോഷ്യൽമീഡിയയിലെ ട്രെൻഡിംഗ്.
'എന്റെ കുഞ്ഞിന് 14 മാസമേ പ്രായമുള്ളൂ. ജയിലിൽ കഴിഞ്ഞ ഓരോ ദിവസവും അവളെക്കുറിച്ച് മാത്രമാണ് ഞാനോർത്തത്. എങ്ങനെ കഴിച്ചുകൂട്ടിയെന്ന് അറിയില്ല'', - മകളെ മാറോട് ചേർത്ത് ഏക്ത പറഞ്ഞു.
ഡിസംബർ 19ന് വാരാണസിയിൽ നടന്ന പ്രക്ഷോഭത്തിനിടെ കൂട്ട അറസ്റ്റ് നടപ്പോഴാണ് 'ക്ലൈമറ്റ് അജൻഡ" എന്ന എൻ.ജി.ഒ നടത്തുന്ന ഏക്തയെയും രവിശേഖറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അക്രമം നടത്തിയവരെ പിടികൂടുന്നതിന് പകരം പൊലീസ് സമരം നയിച്ചവരെയാണ് പിടികൂടിയതെന്ന് അന്നേ ബന്ധുക്കൾ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
രവിശേഖറിന്റെ ജ്യേഷ്ഠൻ ശശികാന്തും പത്നി ദേബബ്രതയുമാണ് പിഞ്ചുകുഞ്ഞിനെ പരിചരിച്ചത്. അമ്മയുടെ ഫോട്ടോ കാണുമ്പോൾ സങ്കടത്തോടെ നോക്കുന്ന കുഞ്ഞിന്റെ ഫോട്ടോയും സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം പ്രചരിച്ചിരുന്നു.