ന്യൂഡൽഹി : ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറിനെക്കുറിച്ച് കോൺഗ്രസ് പുറത്തിറക്കിയ പുസ്തകത്തിനെച്ചൊല്ലി വിവാദം പുകയുന്നു. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന പരാമർശമാണ് വിവാദമായത്. മദ്ധ്യപ്രദേശിൽ നടന്ന ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വിവാദമായിരിക്കുന്നത്. ' സവർക്കർ എത്രമാത്രം വീരനായിരുന്നു' എന്ന ബുക്ക്‌ലെറ്റാണ് വിതരണം ചെയ്തത്.
ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുൻപ് ഗോഡ്‌സെയ്ക്ക് സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നെന്നാണ് ബുക്ക്ലെറ്റിൽ പറയുന്നത്. ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സവർക്കാർ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റിൽ പറയുന്നു. പന്ത്രണ്ടാം വയസിൽ സവർക്കർ ഒരു പള്ളിക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഇതിൽ പറയുന്നു.
കോണ്‍ഗ്രസ് വസ്തുതകള്‍ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. 1925ലാണ് ആർ.എസ്.എസ് എന്ന സംഘടന രൂപം കൊണ്ടത്. ശരിയായ ചരിത്ര വസ്തുകള്‍ കോണ്‍ഗ്രസ് സമാഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിന് മറുപടിയായി രാഷ്ട്രീയ സേവാദൾ നേതാവ് ലാൽ ദേശായി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരൻ പുസ്തകമെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.