മിക്കവാറും വീടുകളിൽ ഇക്കാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഫ്രിഡ്ജ്. എന്നാൽ വീട്ടിലെ ഫ്രിഡ്ജ് പരിശോധിച്ചാൽ അടുക്കളയിലുള്ള ഒട്ടുമിക്ക സാധനങ്ങളും ഇതിനകത്ത് കാണാം. വേണ്ടതു വേണ്ടാത്തതുമൊക്കെ ഫ്രിഡ്ജിൽ കുത്തിനിറയ്ക്കുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അവയുടെ സ്വാഭാവിക സ്വാദ് നഷ്ടപ്പെടും എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ധനനഷ്ടവും സംഭവിക്കും. ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത സാധനങ്ങൾ ഒന്നറിയുന്നത് നല്ലതാണ്.
അച്ചാറും പഴവർഗങ്ങളും പച്ചക്കറിയുമൊക്കെയാണ് ഫ്രിഡ്ജിനകത്തെ പതിവുകാർ. എന്നാൽ അച്ചാർ ഫ്രിഡ്ജിൽ വയ്ക്കുന്നത് വഴി പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ധാരാളം ഉപ്പും വിനാഗിരിയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നതായതിനാൽ അച്ചാറുകള്‍ പുറത്ത് സൂക്ഷിച്ചാലും യാതൊരു കേടും സംഭവിക്കില്ല. ആപ്പിളും പഴവും ഷമാമും തണ്ണിമത്തനുമൊക്കെ ഫ്രിഡ്ജിലെ അതിഥികളല്ല. തണ്ണിമത്തനും ഷമാമും മുറിച്ചുകഴിഞ്ഞാൽ മാത്രമാണ് ഫ്രിഡ്ജിൽ വയ്‌ക്കേണ്ടത്. വെള്ളരിക്ക ഫ്രിഡ്ജിൽ വച്ചാലും അവയിലെ ജലാംശം നഷ്ടപ്പെടുമെന്നല്ലാതെ വേറെ ഗുണങ്ങളൊന്നും ഉണ്ടാകില്ല. കാപ്‌സിക്കം ഫ്രിഡ്ജിൽ വച്ചാൽ അവയുടെ ക്രഞ്ചി സ്വഭാവം നഷ്ടപ്പെടും. മുറിച്ചതിനുശേഷം ബാക്കിവന്ന ഭാഗം സൂക്ഷിക്കണമെങ്കിൽ മാത്രം ഇവ ഫ്രിഡ്ജിൽ വച്ചാൽ മതിയാകും.
വഴുതനങ്ങ ഫ്രിഡ്ജിൽ വയ്ക്കുന്തോറും അവയുടെ യഥാർത്ഥ സ്വാദ് നഷ്ടമാകും. അതുകൊണ്ട് ഇവ വാങ്ങിയാൽ അധികം കാത്തുനിൽക്കാതെ പാകം ചെയ്തു കഴിക്കുന്നതാണ് ബുദ്ധിപരം. ഉരുളക്കിഴങ്ങാണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്തോറും അവയുടെ മധുരം കൂടിവരും. പിന്നീട് പാകം ചെയ്യുമ്പോൾ കറി മധുരിക്കും. ഇവ പേപ്പർ ബാഗുകളിലാക്കി പുറത്തുതന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അതുപോലെ ഫ്രിഡ്ജിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ഒന്നാണ് തക്കാളി. തക്കാളിയുടെ ക്രിസ്പി സ്വഭാവവും സ്വാഭാവിക രുചിയും ഫ്രിഡ്ജിൽ വയ്ക്കുന്നതോടെ നഷ്ടമാകും.
ഫ്രിഡ്ജില്‍ പുതിയതായി ഇടം കണ്ടെത്തിയ ഒന്നാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളി ഭക്ഷണത്തിലുപയോഗിക്കുന്നതിന്റെ ഗുണം കിട്ടണമെങ്കിൽ ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്തോറും വെളുത്തുള്ളിയുടെ സ്വാദും മണവും നഷ്ടപ്പെടും. കാപ്പിപ്പൊടി, പീനട്ട് ബട്ടർ, കെച്ചപ്പ്, സോസ്, ചോക്ലേറ്റ് സ്‌പ്രെഡ്, ബ്രെഡ് എന്നിവയാണ് ഫ്രിഡ്ജ് കൈയടക്കാറുണ്ട്. കാപ്പിപൊടി ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കാവുന്നതേ ഉള്ളൂ. അതുപോലെ പീനട്ട് ബട്ടർ എക്‌സ്‌പയറി കഴിയുന്നത് വരെ പുറത്ത് സൂക്ഷിച്ചാലും കേടാകാറുമില്ല.