അഞ്ചൽ: പഞ്ചായത്തിലെ കോളേജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നും 100 രൂപ വീതം നിർബന്ധിത പിരിവ് വാങ്ങിയതായി പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് അംഗമായ വി. വൈ. വർഗീസിനെ സി.പി.ഐ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിക്കാൻ ഇന്നലെ അടിയന്തരമായി ചേർന്ന സി.പി. ഐ അഞ്ചൽ മണ്ഡലം സെന്റർ മൂന്നംഗ സമിതിയെ നിയോഗിച്ചു.
വാർഡിലെ അങ്കൻവാടിയിൽ വിളിച്ചുവരുത്തിയാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രോഗികളുടെ പെൻഷൻ വിതരണം നടത്തിയത്.അപ്പോൾ തന്നെ അതിൽ നിന്ന് പണപ്പിരിവും നടത്തിയതാണ് വിവാദമായത്. സി.പി.ഐ പാർട്ടി ഫണ്ടിന്റെ പേരിലുള്ള 100 രൂപയുടെ രസീത് നൽകിയായിരുന്നു പിരിവ്. കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചതോടെ പെൻഷൻ വിതരണം നിറുത്തിവച്ചു. ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ച് രോഗികളായ അറുപതോളം പെൻഷൻകാരെ വിളിച്ചു വരുത്തി 100 രൂപ വീതം പിച്ചെടുത്തശേഷം പെൻഷൻ തുകനല്കിയെന്നാണ് ആക്ഷേപം. പല തീയതിയാണ് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് വീടുകളിൽ നടത്തിയ പിരിവിന്റെ ഭാഗമായി രസീതുകൾ നേരത്തേ നൽകിയിരുന്നുവെന്നും പെൻഷൻ തുക കിട്ടിയപ്പോൾ അതു കൈപ്പറ്റിയതാണെന്നും വാർഡ് മെമ്പർ വി. വൈ. വർഗീസ് പറഞ്ഞു.