സിഡ്നി : ഉഷ്ണതരംഗത്തിൽ കുറ്റിക്കാടുകൾക്ക് തീപിടിച്ചതിനെ തുടർന്നുണ്ടായ പുകയിൽ മൂടിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് ആസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് തുടക്കം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന്റെ പുക മറയിൽ നിന്ന് രക്ഷപെടാനുള്ള ന്യൂസിലാൻഡിന്റെ അവസാന അവസരമാണിത്.
മൂന്നാം ടെസ്റ്റിന്റെ തലേന്ന് ക്യാപ്ടൻ കേൻ വില്യംസണും ഹെൻട്രി നിക്കോൾസും അപ്രതീക്ഷിതമായി രോഗക്കിടക്കയിലായത് ന്യൂസിലാൻഡിന് തിരിച്ചടിയാണ്. ഇവർ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലായതിനാൽ യുവതാരം ഗ്ളെൻ ഫിലിപ്പ്സിനെ അടിയന്തരമായി സിഡ്നിയിലെത്തിച്ചിട്ടുണ്ട്.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 296 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 247 റൺസിന് ആതിഥേയർ ജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ചെറുത്തുനിൽപ്പുപോലും നടത്താൻ കഴിയാതിരുന്ന കിവികൾ അവസാന മത്സരത്തിലെങ്കിലും ജയിച്ച് അഭിമാനം കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിലാണ്. രണ്ട് മത്സരങ്ങളിലും രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങി തകർന്നുപോവുകയായിരുന്നു കിവീസ്.
ഇതിനകം 18 ഒാളം പേരാണ് ആസ്ട്രേലിയയിലെ തീപിടുത്തത്തിൽ മരിച്ചത്. ഇതിൽ ഏറെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു. ഇന്ന് മത്സരത്തിന് മുമ്പ് ഇരുടീമിലെയും താരങ്ങൾ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കും.