naravane-

ന്യൂഡൽഹി∙ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ പാക് അധിനിവേശ കാശ്മീർ ആക്രമിക്കാൻ തയ്യാറാണെന്ന് കരസേനയുടെ പുതിയ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. പാക്ക് അധിനിവേശ കാശ്മീരിനെക്കുറിച്ച് സൈന്യത്തിന് പല ആസൂത്രണങ്ങളുമുണ്ടെന്നും നരവനെ വ്യക്തമാക്കി. ജമ്മു കാശ്മീരിലുൾപ്പെടെ ഇന്ത്യയുടെ എല്ലാ അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നമുക്ക് പല പദ്ധതികളും ഉണ്ട്. ആവശ്യമെങ്കിൽ അവ പ്രാവർത്തികമാക്കുമെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടക്കാതിരിക്കുകയാണു പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ജാഗ്രതയോടെ ഇരിക്കേണ്ടതു പ്രധാനമാണ്. വിവിധ സാഹചര്യങ്ങളിൽ അതു പാലിക്കപ്പെടേണ്ടതു കഠിനമായ ചുമതലയാണ്. നിർദേശം കിട്ടിയാൽ പാക്ക് അധിനിവേശ കാശ്മീർ ആക്രമിക്കാൻ തയാറാണെന്നും കരസേനാ മേധാവി പറഞ്ഞു.

അതിർത്തിക്കപ്പുറത്തെ ഭീകര ക്യാംപുകളെക്കുറിച്ചും ഭീകര പരിശീലനത്തെക്കുറിച്ചും അറിയാമെന്ന് കരസേനാ മേധാവി നേരത്തേ പറഞ്ഞിരുന്നു. അവയിൽ ശ്രദ്ധ പുലർത്തുകയും അതിനനുസരിച്ച് പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏറ്റെടുത്ത് മണിക്കൂറുകൾക്കു ശേഷം, ഭീകര പ്രവർത്തനത്തിനു പണം നൽകുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.