നമ്മുടെ ശരീരത്തിന് അനിവാര്യമായ ജീവകമാണ് വിറ്റാമിൻ ബി 12. പലതരം രോഗങ്ങൾ പിടിപെട്ടു കഴിയുമ്പോഴാണ് പലരും ശരീരത്തിന് ഈ ജീവകത്തിന്റെ അപര്യാപ്തതയുണ്ടെന്ന് തിരിച്ചറിയുന്നത്.
ഓർമ്മനശിക്കൽ, നാഡീഞരമ്പുകളുടെ നാശം എന്നീ ഗുരുതരമായ പ്രശ്നങ്ങൾ ബി 12 ന്റെ അപര്യാപ്തത കാരണം ഉണ്ടാകും. ഡി.എൻ.എയുടെ രൂപപ്പെടൽ, തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനം എന്നിവയിൽ പരമപ്രധാനമായ പങ്കാണ് ബി 12 വഹിക്കുന്നത്.
ചുവന്ന രക്താണുവിന്റെ രൂപപ്പെടലിനെ സഹായിക്കുന്നതിന് പുറമേ ഉപാപചയപ്രവർത്തന നിരക്ക് നിയന്ത്രിക്കുന്നു. ബി 12 ന്റെ അപര്യാപ്ത മൂലം നാഡീപ്രശ്നങ്ങൾ ഗുരുതരമാകുന്നു. കൈകാൽ മരവിപ്പ്, വിറയൽ, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുക എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. ഇതിന് പുറമേ രൂക്ഷമായ അനീമിയയും ഉണ്ടാകുന്നു. ചൂര, മത്തി, ഞണ്ട്, കൊഞ്ച്, ആട്ടിറച്ചി, കൊഴുപ്പില്ലാത്ത പാൽ, കൊഴുപ്പില്ലാത്ത യോഗർട്ട് എന്നിവയെല്ലാം ബി 12 ന്റെ സമ്പന്ന സ്രോതസുകളാണ്.