amit-shah

ന്യൂഡൽഹി: കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരമായാണ് താൻ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവർണർക്കെതിരെ ഉണ്ടായ 'അതിക്രമ'ത്തിൽ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഗവർണർ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും വിഷയം കേന്ദ്രത്തിന്റ പരിഗണയിലാണെന്നും ഷാ പറഞ്ഞിട്ടുണ്ട്.

അതേസമയം കേന്ദ്ര സർക്കാർ ഈ സംഭവത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ളതാണെന്നും ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു. ന്യൂഡൽഹിയിൽ ഒരു മാദ്ധ്യമ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പ്രതിപക്ഷ പാർട്ടികൾക്ക്, പ്രത്യേകിച്ചും കോൺഗ്രസിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം അക്രമസംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. പ്രതിഷേധിച്ചവർക്കതിരെ ഉണ്ടായ പൊലീസ് നടപടികളെയും അമിത് ഷാ ന്യായീകരിച്ചു.

ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അക്രമസംഭവങ്ങൾ നടക്കുമ്പോഴും ബസുകൾ കത്തിക്കുമ്പോഴും പൊലീസ് വെറുതെ ഇരിക്കുകയില്ലെന്നുമാണ് ഷാ പറഞ്ഞത്. സി.എ.എ പൗരത്വം നൽകുന്നതിനെ കുറിച്ചുള്ളതാണെന്നും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും ഷാ ആവർത്തിച്ചു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പച്ചക്കള്ളമാണ് ജനങ്ങളോട് പറയുന്നതെന്നും രാജ്യത്തെ ഒരാളുടെയും പൗരത്വം നഷ്ടപ്പെടുകയില്ല എന്ന് താൻ ഉറപ്പ് നൽകാമെന്നും ഷാ പറഞ്ഞു. ഇക്കാര്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ രാജ്യവ്യാപകമായി ബി.ജെ.പി ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഏതാനും ആളുകളുടെ വിമർശനം രാജ്യത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ഷാ പറഞ്ഞു.

'രാജ്യത്തെ പാവങ്ങൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കാൻ ദേശീയ പൗരത്വ രജിസ്റ്റർ ആവശ്യമാണ്. അതിനെ എതിർക്കുന്നത് ശരിയല്ല. പൗരത്വ നിയമഭേദഗതിക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ട്. പക്ഷെ പ്രതിപക്ഷ പാർട്ടികൾ ചിലരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ തന്നെ ജനങ്ങളാണ്.' അമിത് ഷാ പറയുന്നു.