republic-day

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ആശയത്തിന് കേന്ദ്രസർക്കാർ അനുമതി നൽകാത്തത് വൻ വിവാദത്തിനാണ് വഴിവച്ചത്. കേരളത്തെ കൂടാതെ ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളുടെ ടാബ്ലോകളും ഒഴിവാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയിലുൾപ്പെടെ കേന്ദ്രസർക്കാരിനെ നിരന്തരം എതിർക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബി.ജെ.പി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസർക്കാരുണ്ടാക്കിയത്. എന്നാൽ,​ പരേഡിൽ നിന്നും കേരളത്തെ ഒഴിവാക്കിയതിനു പിന്നിൽ തക്കതായ കാരണമുണ്ടെന്നാണ് ജൂറി അംഗവും പ്രശസ്ത നർത്തകിയുമായ ജയപ്രദാ മേനോന്റെ വാദം.

റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നർത്തകിയുമായ ജയപ്രദാ മേനോൻ പറഞ്ഞു. ആവർത്തന വിരസതയുള്ളതുമായ ഫ്ലോട്ടാണ് കേരളം സമർപ്പിച്ചതെന്നാണ് ജയപ്രഭ മേനോൻ പറയുന്നത്. ആദ്യം സമർപ്പിച്ച ദൃശ്യം നിർദ്ദേശങ്ങൾ നൽകി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറയുന്നു.

കേരളത്തിന്റെ ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും ഉള്‍പ്പെടുന്ന ആവിഷ്‌ക്കാരമാണ് പ്രതിരോധമന്ത്രാലയം തഴഞ്ഞത്. കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ചും അനുകൂലിച്ചു നിരവധിപേർ രംഗത്തെത്തിയിരുന്നു. മലയാളിയെന്നാല്‍ ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് മന്ത്രി എ.കെ ബാലന്‍ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണ്. എം.ടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാർഗങ്ങളുൾപ്പെടുത്തിയ വികസനപ്രവർത്തനങ്ങളുടടെ നിശ്ചലദൃശ്യം ബംഗാൾ നൽകി. ബംഗാളിൽനിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.