അഗർത്തല: ത്രിപുരയിൽ ഇടത് സർക്കാർ ഭരണത്തെ താഴെയിറക്കി ബി.ജെ.പിക്ക് അധികാരം പിടിച്ചപ്പോൾ പുതു ചരിത്രമാണ് ബി.ജെ.പിക്കു മുന്നിൽ പിറന്നത്. എന്നാൽ, ത്രിപുരയിൽ ബി.ജെ.പിക്ക് തങ്ങളുടെ ആധിപത്യത്തിൽ പതർച്ചയുണ്ടാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്തെ എം.എൽ.എയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത റാലി സംബന്ധിച്ചാണ് പാർട്ടിയിൽ അമർഷം പുകയുന്നത്. റാലി നടത്തുന്നതിൽ മറ്റ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മുന്‍ ആരോഗ്യമന്ത്രിയും നിലവിലെ എം.എല്‍.എയുമായ സുദീപ് റോയ്ബര്‍മ്മന്റെ നേതൃത്വത്തിലാണ് റാലി. സുദീപിന്റെ നേതൃത്വത്തിലുള്ള വിമതര്‍ രംഗത്ത് വന്നതാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരെയാണ് സുദീപ് ഇന്ന് റാലി നടത്താൻ ആഹ്വാനം ചെയ്തത്. തനിക്ക് മറ്റ് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് എം.എൽ.എയുടെ വാദം.
അതേസമയം, ഈ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന കഴിഞ്ഞ 22 മാസമായി സംസ്ഥാനത്ത് ക്രമസമാധാന പാലന കാര്യത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് സുദീപ് റോയ്ബര്‍മ്മനെ പിന്തുണക്കുന്നവര്‍ പറയുന്നു. ഇത് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കും എതിരായി നടക്കുന്ന നീക്കമാണ് അതിനാല്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുന്നത് തടയണമെന്ന് താഴെ തട്ടിലുള്ള കമ്മറ്റികളോട് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് വിലകൊടുത്തും റാലി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുദീപ് റോയ്ബര്‍മ്മനും മറ്റ് എം.എല്‍.എമാരും.