qassem-solaimani

ടെഹ്‌റാൻ: വെള്ളിയാഴ്ച പുലർച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴുപേരിൽ ഒരാളായ ഖാസെം സൊലൈമാനി അമേരിക്കയ്ക്ക് ചില്ലറകാരനായിരുന്നില്ല. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിലെ കമാൻഡറും സേനയ്ക്ക് കീഴിലുള്ള രഹസ്യ സൈന്യമായ ഖുദ്സിന്റെ തലവനുമായിരുന്ന ഖാസെം സൊലൈമാനി എക്കാലത്തും അമേരിക്കയുടെ പേടിസ്വപ്നമായിരുന്നു.

2018ൽ ഇറാഖിലെ സർക്കാർ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുകയും ഇറാഖിൽ തനിക്കുള്ള അധികാരങ്ങൾ പരസ്യമായി വ്യക്തമാക്കിയ സൊലൈമാനിയെ അധികം വൈകാതെ അമേരിക്ക തങ്ങളുടെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. 2001ൽ നടന്ന അമേരിക്കയുടെ അഫ്ഗാൻ അധിനിവേശത്തിനെതിരെ ഖുദ്സ് സേനയെ നയിച്ചുകൊണ്ടാണ് സൊലൈമാനി ആദ്യമായി മുഖ്യധാരയിൽ പ്രവേശിച്ചത്.

രണ്ട് ദശാബ്ദകാലത്തോളം ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളിൽ സൊലൈമാനിയുടെ പ്രഭാവം പ്രകടമായിരുന്നു. രഹസ്യസേനാ തലവനായിരുന്നത് കൊണ്ടുതന്നെ എന്നും നിഴൽജീവിതമായിരുന്നു സൊലൈമാനി നയിച്ചത്. എന്നാൽ അടുത്ത കാലത്ത് ഒരു സൈനിക തലവന് യോജിക്കാത്ത തരത്തിലുള്ള സെലിബ്രിട്ടി സ്റ്റാറ്റസ് 'ഷാഡോ കമാൻഡർ' സൊലൈമാനിയെ തേടിയെത്തിയിരുന്നു.

ലേഡി ഗാഗയും, ജെയിംസ് ബോണ്ടും ചേർന്ന വ്യക്ത്വം എന്നാണ് അമേരിക്കൻ രഹസ്യ ഏജൻസിയായ സി.ഐ.എ സൊലൈമാനിയെ വിശേഷിപ്പിക്കുന്നത്. അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്സിന്റെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിരുന്നു.

ഇറാനിൽ തുടർച്ചയുണ്ടായിരുന്ന സാമ്പത്തിക, ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് രാജ്യത്തിന്റെ ഭരണത്തിൽ സൊലൈമാനിയുടെ പങ്കാളിത്തം വേണമെന്നും ഏതാനും ഇറാനികൾ ആവശ്യമുയർത്തിയിരുന്നു. എന്നിരുന്നാലും ഇറാനിലെ ആന്തരിക പ്രശ്ങ്ങളുടെ ഉത്തരവാദിയായാണ് അമേരിക്ക കമാൻഡറിനെ കണ്ടത്.

ഇറാനിലെ ഇസ്‌ലാമിക വിപ്ലവം കയറ്റുമതി ചെയ്തു, ഭീകരവാദികളെ പിന്തുണച്ചു, ഇറാഖിലെ അമേരിക്കൻ അനുകൂല സർക്കാരിനെ വഴിതിരിച്ചുവിട്ടു, ഇറാൻ നടത്തിയ യുദ്ധങ്ങൾക്ക് ചുക്കാൻ പിടിച്ചു എന്നീ കുറ്റങ്ങളാണ് അമേരിക്ക സൊലൈമാനിയുടെ തലയിൽ കെട്ടിവച്ചിരിക്കുന്നത്.

എന്നാൽ സൊലൈമാനിയെ പിന്തുണയ്ക്കുന്നവർക്ക് അദ്ദേഹം ഇറാന്റെ പ്രാദേശിക പ്രഭാവത്തെ വളർത്തിയ, ജിഹാദി ശക്തികൾക്കെതിരെ പടപൊരുതിയ ഹീറോയായിരുന്നു. അദ്ദേഹത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിന് തടയിടാൻ വേണ്ടിത്തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഇങ്ങനെ ഒരു ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്ദർ കരുതുന്നത്.