തിരുവനന്തപുരം: മലയാളിയെന്നാല്‍ ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം എന്തിനാണ് അനുമതി നിഷേധിച്ചതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണ്.എം.ടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
വിദഗ്ദ്ധ സമിതി നേരത്തെ കണ്ട ദൃശ്യം അവസാന ഘട്ടത്തിലാണ് ഒഴിവാക്കിയത്. കലാമൂല്യമുള്ള ദൃശ്യം എന്തിന് ഒഴിവാക്കിയെന്ന് അറിയില്ല. ഇത് മൂന്നാം തവണയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കുന്നത്. എന്നാൽ, നേരത്തെ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ കാരണങ്ങൾകൊണ്ട് തന്നെയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.