1. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ അത്ഭുദം ഇല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. പത്മ പുരസ്‌കാരങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുക ആണ് എന്നും മന്ത്രി. റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം നിരാകരിച്ചിരുന്നു. മൂന്ന് തവണ വിദഗ്ധരുടെ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്
2. പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും കാര്യത്തിലും കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. 16 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആറു മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷകള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 32 നിശ്ചല ദൃശ്യങ്ങള്‍ ആണുള്ളത്. 24 എണ്ണം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതും ആയിരിക്കും. നിശ്ചലദൃശ്യത്തിന്റെ വിഷയം ആശയം രൂപകല്പന എന്നിവ പരിശോധിച്ചാണ് വിദഗ്ധസമിതി അപേക്ഷകള്‍ പരിഗണിക്കുന്നത്.
3. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച് ഇരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയും ഉള്‍പ്പെട്ട നിശ്ചല ദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശന അനുമതി ലഭിക്കാത്തത്.
4. ഇറാന്റെ രഹസ്യ സേനാവിഭാഗം തലവന്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് എതിരെ തീവ്രമായ തിരിച്ചടിയെന്ന് റവല്യൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു. യു.എസ് നടപടി അങ്ങേയറ്റം അപകടകരവും, വിഡ്ഢിത്തവുമാണ് ഈ സാഹസികതയുടെ എല്ലാ അനന്തര ഫലങ്ങളുടെയും ഉത്തരവാദിത്തം യു.എസിന് ആയിരിക്കും എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഇറാനിലെ രണ്ടാമത്തെ ശക്തനായ നേതാവാണ് കൊല്ലപ്പെട്ട കാസിം സുലൈമാനി.
5. ബഗ്ദാദിലെ വിമാന താവളത്തില്‍ ഉണ്ടായ യു.എസ് വ്യോമ ആക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ 7 പേര്‍ അര്‍ധ രാത്രിയിലാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗര സേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്ന് യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ വിശദീകരിച്ചു. ഖുദ്സ് സേന ഭീകര സംഘടന ആണെന്നും ആക്രമണം വിദേശത്തെ യു.എസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ആയി ആണെന്നും അമേരിക്ക വ്യക്തമാക്കി.
6. ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി. ഖുദസ് സേനയെ ഭീകര സംഘടനയായി ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ച് ഇരുന്നു. അമേരിക്ക, ഇറാന്‍, ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു.
7. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അതിരൂക്ഷ വിമര്‍ശനവും ആയി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി.പി.ഐ നേതാവും മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന സി. അച്യുതമേനോനെ പരാമര്‍ശിക്കാത്തത് ആണ് വിമര്‍ശനത്തിന് കാരണം. സി. അച്യുതമേനോന്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി എന്നല്ലാതെ അച്യുതമേനോനെ കുറിച്ച് കൂടുതല്‍ അനുസ്മരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്ന് കുറ്റപ്പെടുത്തല്‍.
8. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ ഇ.എം.എസ്, ഇ.കെ നായനാര്‍ സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ചു കൊണ്ട് ആയിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂര്‍വ്വം തമസ്‌കരിച്ചു എന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്ത് മോദി സര്‍ക്കാര്‍ ചരിത്ര വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേരളത്തില്‍ മുഖ്യമന്ത്രി ഈ സമീപനം കൈക്കൊള്ളുന്നത് എന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
9. രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ച ചെയ്യണം എന്നാണ് ബി.ജെ.പി ആവശ്യം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശ ലംഘനം ആണെന്നാണ് ജി.വി.എല്‍ നരസിംഹറാവു എം.പി നല്‍കിയ നോട്ടീസില്‍ പറയുന്നത്.
10. പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്. നിയമസഭ പാസ്സാക്കിയ പ്രമേയം ആയതിനാല്‍ മുഖ്യമന്ത്രിയെക്കാള്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്ക് ആണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമിതിക്ക് ഇടപെടാന്‍ പരിമിതി ഉണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കും എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. രാജ്യമെങ്ങും പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ഉള്ളത്.