തിരുവനന്തപുരം: ബി.ജെ.പി നേതാവിന്റെ പേര് പറഞ്ഞ് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ആഡംബര കാറുകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി അനുവാണ് (30) പിടിയിലായത്. ശ്രീകാര്യം സ്വദേശിയായ ഒരാളുടെ പക്കൽ നിന്ന് മൂന്ന് മാസം മുമ്പ് റെന്റിനെടുത്ത വാഹനം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തിനാണ് ഇയാളെ പിടികൂടിയത്. സൗഹൃദം സ്ഥാപിച്ചും റെന്റിനെടുത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലരിൽ നിന്നായി ഏഴോളം ആഡംബര കാറുകൾ ഇയാൾ തട്ടിയെടുത്ത് പണയപ്പെടുത്തിയിട്ടുള്ളതായി ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
മാരുതി സ്വിഫ്റ്റ്, ബെലേനോ, എർട്ടിഗ, ഇന്നോവ തുടങ്ങിയ ആഡംബര വാഹനങ്ങളാണ് തട്ടിയെടുത്തത്. ശ്രീകാര്യത്ത് സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഇയാൾ മുതിർന്ന ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞാണ് വാഹനം വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.