kadakampalli

റിപ്പബ്ലിക്ഡേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കേരളത്തിന് അനുമതി നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ""അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാൻ ആണ് സൂചിപ്പിക്കുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യങ്ങൾ നിരസിക്കപ്പെട്ടത് കാണുമ്പോൾ ഈ പഴമൊഴി ആണ് ഓർമ വരുന്നത്"" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് പുറമെ ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ഡേ പരേഡിൽ മികവ് പുലർത്തിയിരുന്ന സംസ്ഥാനമാണ് കേരളം. 2008 മുതൽ 2013 വരെയുള്ള ആറ് പരേഡുകളിൽ മൂന്നു എണ്ണത്തിൽ ഒന്നാം സ്ഥാനം കേരളത്തിന് ആയിരുന്നു. എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ കേറിയ ശേഷം നടന്ന ഏഴു റിപ്പബ്ലിക് പരേഡിൽ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്.


കലയും വാസ്തുവിദ്യയുമാണ് ടാബ്ലോ ആയി അവതരിപ്പിക്കാൻ കേരളം നിർദേശിച്ചത്. ഇത്തരത്തിൽ കേരളത്തെ മാറ്റി നിർത്തുന്നതിൽ വികാരം മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളർത്താൻ കഴിയുമെന്ന് കരുതുന്നവർ വി‌ഡ്ഢികളുടെ സ്വർഗത്തിലാണെന്നും കടകംപള്ളി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണരൂപം

അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാൻ ആണ് സൂചിപ്പിക്കുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചലദൃശ്യങ്ങൾ നിരസിക്കപ്പെട്ടത് കാണുമ്പോൾ ഈ പഴമൊഴി ആണ് ഓർമ വരുന്നത്.

റിപ്പബ്ലിക് ദിന പരേഡുകളിൽ മികവ് പുലർത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങൾ ആണ് നാം ഒരുക്കിയിരുന്നത്.2008 മുതൽ 2013 വരെയുള്ള 6 പരേഡുകളിൽ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ബി ജെ പി സർക്കാർ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡിൽ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാൻ അനുമതി കിട്ടിയത്.

കേരളത്തെ നിരന്തരം മാറ്റിനിർത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാൻ സാമാന്യബുദ്ധി മാത്രം മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളർത്താൻ കഴിയുമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി