gold

കൊച്ചി: എക്കാലത്തെയും റെക്കോർഡുകൾ കടന്ന് സ്വര്‍ണവില. പവന് 29,440 രൂപയായിരുന്നു ഇന്ന് രാവിലെ സ്വർണ വില. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും കൂടിയത്. ഉച്ചയ്ക്കു ശേഷം ഗ്രാമിന് 15 രൂപ കൂടി 3695 രൂപയാവുകയായിരുന്നു. ഇതോടെ പവന് 29,560 രൂപയായി. രണ്ടു ദിവസംകൊണ്ട് 440 രൂപയാണ് വര്‍ദ്ധിച്ചത്. ജനുവരി ഒന്നിന് സ്വര്‍ണവില വീണ്ടും താഴ്ന്ന് പവന് 29,000 രൂപ ആയെങ്കിലും ഇന്നലെ 80 രൂപ വര്‍ദ്ധിച്ച് ഡിസംബര്‍ 31ലെ വിലയിലേയ്ക്കെത്തുകയായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനിടയാക്കി. രാജ്യാന്തര നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം. ദിവസങ്ങൾക്കുള്ളിൽ പവന് വില 30,000 കടന്നേക്കും. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം മാത്രമല്ല ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

ഇറാഖിലെ യു.എസ് ആക്രമണത്തെതുടര്‍ന്ന് എം.സി.എക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഒരുശതമാനം(400 രുപ)ഉയര്‍ന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ സെപ്തംബർ നാലിന് ആണ് ഇതിനു മുൻപ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. 29,120 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും. തുടർന്നു വില നേരിയതോതിൽ കുറഞ്ഞെങ്കിലും ഡിസംബർ അവസാനത്തോടെ വീണ്ടും ഉയർന്നു.