ന്യൂഡൽഹി: നിർദ്ദേശം ലഭിച്ചാൽ പാക് അധിനിവേശ കാശ്മീരിനെ ആക്രമിക്കാൻ തയാറാണെന്ന് പുതിയ കരസേനാ മേധാവി എം.എം. നരവനെ. പാകിസ്ഥാൻ അധിനിവേശ കാശ്മീരിനെ കുറിച്ച് സൈന്യം പലതും ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്ത് ദൗത്യത്തിനും തയാറാണെന്നും സേനാ മേധാവി അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ജമ്മു കാശ്മീരിൽ ഉൾപ്പെടെയുള്ള അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും വേണമെങ്കിൽ നിർദ്ദേശം ലഭിക്കുകയാണെങ്കിൽ ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇതിനായി ഒന്നിലധികം പദ്ധതികൾ കൈയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് നിലവിലെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിൽ നിന്നും നരവനെ കരസേനാ മേധാവിയായി അധികാരം ഏറ്റെടുത്തത്.
പാകിസ്ഥാനെതിരെയും പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകവാദികൾക്കെതിരെയും കടുത്ത നിലപാടെടുത്ത അദ്ദേഹം പ്രതിരോധമെന്ന നിലയിൽ ഭീകരവാദത്തിന്റെ ഉറവിടങ്ങളായ പ്രദേശങ്ങൾ ആക്രമിക്കാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു. പാക് അധിനിവേശ കാശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നത് പ്രായോഗികമാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ നാലു പ്രത്യാക്രമണങ്ങളാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയത്. അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് പകരമായി 2016ൽ നിയന്ത്രണരേഖ മറികടന്നുകൊണ്ട് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിനും ഇന്ത്യ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു.