-kodiyeri

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ രംഗത്തെത്തി. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഈ തരംതാണ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസുകാര്‍ ഗവര്‍ണറെ ഉപദേശിക്കണം.

നിയമസഭ പാസാക്കിയ പ്രമേയം ഏത് നിയമത്തിന്‍റെ ലംഘനമാണെന്ന് ഗവർണർ വ്യക്തമാക്കണം. ഏത് നിയമത്തിന്‍റെ പിൻബലത്തിലാണ് ഗവർണർ നിയമസഭയുടെ നടപടിയെ വിമർശിക്കുന്നത്? ഏതുനിയമത്തിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും കോടിയേരി ചോദിച്ചു.

അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ ഒന്നു വായിച്ചാല്‍ നന്നായിരുന്നു. നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ല എന്നാണ്‌ സുപ്രീം കോടതി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വിധിച്ചത്‌. എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ്‌ ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ കാഴ്‌ചവച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.