al-mallu

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ബോബൻ സാമുവലിന്റെ പുതിയ ചിത്രം അൽമല്ലുവിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമയുടെ അഭിമാനം പ്രിയദർശൻ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ, അനു സിത്താര, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ജീവിക്കാനായി നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്.

എന്നും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നമിത പ്രമോദാണ് ചിത്രത്തിൽ നായിക. വൈകാരിക അനുഭവങ്ങളെ തന്റേടത്തോടെ നേരിടുന്ന പുതിയ കാലഘട്ടത്തിന്റെ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീൻ, വരദ ജിഷിൻ, ജെന്നിഫർ,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിൽസ് മജീദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജനുവരി 10ന് കേരളത്തിലെ തിയേറ്ററിൽ റിലീസിനു എത്തുകയാണ്. പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനമാണ് അൽമല്ലു.