ജയ്‌പൂർ: നൂറിലധികം നവജാത ശിശുക്കൾ മരിച്ച ആശുപത്രി സന്ദർശിക്കാൻ എത്തിയ ആരോഗ്യ മന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണം. കോട്ടയിലെ ജെ.കെ ൽ ആശുപത്രിയിലാണ് സംഭവം. ആരോഗ്യ മന്ത്രി രഘു ശർമ്മയുടെ സന്ദർശനത്തിന് മുന്നോടിയായാണ് പരവതാനി വിരിച്ചത്. വിവരമറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ എത്തിയതിനെ തുടർന്നാണ് പരവതാനി നീക്കം ചെയ്തത്.
2019 ഡിസംബർ മാസം മുതൽ ഉള്ള കണക്കുകൾ പ്രകാരം നൂറിലധികം നവജാത ശിശുക്കളാണ് ഇവിടെ മരിച്ചത്.ഡിസംബർ 23-24 ദിവസങ്ങളിൽ 24 മണിക്കൂറിനിടെ 10 നവജാതശിശുക്കൾ മരിച്ചിരുന്നു.ഡിസംബർ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു.
ശിശുമരണ നിരക്ക് നിയന്ത്രണാതീതമായതോടെ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ആശുപത്രിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും, ഓക്‌സിജൻ ട്യൂബുകളുടെ കുറവുണ്ടെന്നും സർക്കാരിനെ അറിയിച്ചു. ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ.സംസ്ഥാനത്തെ സ്ഥിതിഗതിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അവിനാശ് പാണ്ഡെയിൽ നിന്ന് വിശദീകരണം തേടി.
കൂട്ടമായ ശിശുമരണത്തിൾ ബി.ജെ.പിയും, ബി.എസ്.പിയും സംസ്ഥാന കോൺഗ്രസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കോട്ട ആശുപത്രിയിലെ കുട്ടികൾ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാനോ സാന്ത്വനിപ്പിക്കനോ പ്രിയങ്കാ ഗാന്ധി തയ്യാറായിട്ടില്ല. അങ്ങനെയാണെങ്കിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പ്രിയങ്ക സന്ദർശനം നടത്തുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്ന് പറയേണ്ടിവരും. ഈ വിഷയത്തിൽ നിർവികാരവും നിരുത്തരവാദപരവുമായ സമീപനമാണ് കോൺഗ്രസിന്റേതെന്നുള്ളത് അപലപനീയമാണ് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കി
കോട്ടയിലെ ആശുപത്രിയിൽ നൂറുകുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണ്. അമ്മമാർക്കുണ്ടായ നഷ്ടം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക അവബോധത്തിനും എതിരാണ്. സ്ത്രീകളായിരുന്നിട്ടുകൂടി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അതു മനസിലാകുന്നില്ലെന്നുള്ളത് സങ്കടകരമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Rajasthan: A carpet laid out at Kota's JK Lon Hospital ahead of the visit of State Health Minister Raghu Sharma, was removed after seeing media presence. #KotaChildDeaths pic.twitter.com/WJRmoqry2S
— ANI (@ANI) January 3, 2020