കൊൽക്കത്ത: നിരന്തരം ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്ന നരേന്ദ്രമോദി, ഇന്ത്യൻ പ്രധാനമന്ത്രിയാണോ അതോ പാകിസ്ഥാൻ അംബാസഡറാണോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
പാകിസ്ഥാന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെക്കുറിച്ച് സംസാരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
സിലിഗുരിയിൽ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
'ഇന്ത്യ വളരെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ളൊരു വലിയ രാജ്യമാണ്. എന്തിനാണ് നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്.
തൊഴിലില്ല, ജോലി വേണം എന്നാരെങ്കിലും പറഞ്ഞാൽ ഉടൻ പ്രധാനമന്ത്രി പാകിസ്ഥാനിലേക്ക് പോകാൻ പറയും. ഇവിടെ വ്യവസായങ്ങളില്ല എന്ന് പറഞ്ഞാലും മോദി പറയും പാകിസ്ഥാനിലേക്ക് പോ. എന്തുപറഞ്ഞാലും പാകിസ്ഥാൻ എന്ന് മാത്രമേ അദ്ദേഹത്തിന് പറയാനുള്ളൂ.
പാകിസ്ഥാന്റെ കാര്യം അവർ ചർച്ച ചെയ്‌തോളൂം. നമുക്ക് ഹിന്ദുസ്ഥാന്റെ കാര്യം പറയാം.
ഇതാണ് നമ്മുടെ ജന്മനാട്. സ്വാതന്ത്ര്യം കിട്ടി 70 വർഷത്തിന് ശേഷവും നമ്മൾ പൗരത്വം തെളിയിക്കേണ്ടി വരികയാണെങ്കിൽ അത് ലജ്ജാകരമാണ്.
ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ വിരുദ്ധ പ്രസ്താവനകളിറക്കി ആശയക്കുഴപ്പമുണ്ടാക്കുകയാണ്. പ്രധാനമന്ത്രി എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കുന്നില്ലെന്ന് പറയുമ്പോൾ മറുഭാഗത്ത് ആഭ്യന്തര മന്ത്രി പറയുന്നത് രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്നാണ്. പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) എൻ.ആർ.സിക്കുമെതിരായ പോരാട്ടം തുടരും' - മമത പറഞ്ഞു.