രാഹുലിനെതിരേ രൂക്ഷ പരിഹാസം
ജയ്‌പൂർ : പ്രതിപക്ഷ പാർട്ടികളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട്, പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ സർവ ശക്തിയും പ്രയോഗിച്ച് എതിർത്താലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. നിങ്ങൾക്ക് എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാം.'രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.
'പ്രതിപക്ഷത്തെ മമതാബാനർജി, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ് എന്നിവരാണ് നിയമത്തെ എതിർക്കുന്നത്. അവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്.
നിങ്ങൾക്ക് (രാഹുൽഗാന്ധി) ചുണയുണ്ടെങ്കിൽ വരൂ, എന്നോട് സംവാദം നടത്തൂ. രാഹുൽ ബാബ ഇതുവരെ നിയമം വായിച്ചിട്ടില്ല. ആദ്യം നിയമത്തിന്റെ പകർപ്പ് രാഹുൽ ബാബ വായിക്കട്ടെ. ഇറ്റാലിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തി തരണോ? അതും ചെയ്തു തരാം. എന്നിട്ട് വന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ്''- രാഹുൽഗാന്ധിയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് എന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്. ഇപ്പോഴും അതാണ് ചെയ്യുന്നത്. യുവജനങ്ങൾ ഇങ്ങനെ തെറ്റായി നയിക്കപ്പെട്ട് തെരുവിലെത്തിയിരിക്കയാണ്. പാകിസ്ഥാനിലടക്കം മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ കോൺഗ്രസ് എവിടെപ്പോയിരുന്നു?. വിഭജനത്തിന്റെ രാഷ്ട്രീയം നന്നായി അറിയാവുന്നത് കോൺഗ്രസിനാണ്. അത് അവർ ഇപ്പോഴും പ്രയോഗിക്കും. പക്ഷേ, അവരെത്ര കള്ളം പരത്തിയാലും ഞങ്ങൾ കഠിനമായി പ്രവർത്തിച്ച് ന്യൂനപക്ഷത്തിന്റെയും യുവതയുടെയും അടുത്തെത്തും. '- അമിത് ഷാ പറഞ്ഞു.
രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോൾ, അത് തണുപ്പിക്കാനാണ് ബി.ജെ.പി രാജ്യവ്യാപകമായി പൗരത്വനിയമത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നത്.