ജോധ്പുര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ ഒരു ഇഞ്ചു പോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നത്. പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല, ഒരാളുടെയും പൗരത്വം ഇതിലൂടെ ഇല്ലാതാവില്ലെന്നും അമിത് ഷാ പറഞ്ഞു.
"രാഹുല്‍ ബാബാ, താങ്കള്‍ പൗരത്വ നിയമ ഭേദഗതി വായിച്ചുവെങ്കില്‍, ദയവായി അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എവിടെയെങ്കിലും വരൂ. നിങ്ങള്‍ വായിച്ചില്ലെങ്കില്‍, നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി തന്ന് സഹായിക്കാം. ദയവായി നിയമം വായിക്കൂ"- ഷാ പറഞ്ഞു.
പൗരത്വം എടുത്തുകളയുന്ന ബില്‍ അല്ല, മറിച്ച് നല്‍കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. വോട്ടുബാങ്ക് ആണ് അവരുടെ ലക്ഷ്യം. വോട്ടുബാങ്കിന് വേണ്ടി സവര്‍ക്കറെപ്പോലെയുള്ള ഒരു വലിയ വ്യക്തിത്വത്തിന് എതിരെ പോലും സംസാരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഇതിന്റെ പേരില്‍ ലജ്ജിക്കേണ്ടി വരും. ന്യൂനപക്ഷങ്ങള്‍ അന്തസ്സായാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. എന്നാല്‍ അയല്‍രാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്. രാഹുല്‍ ഗാന്ധി നിയമം പഠിച്ചതിനു ശേഷം ചര്‍ച്ചയ്ക്കു വരട്ടെ. അദ്ദേഹത്തിന് അതു പഠിക്കാന്‍ വേണമെങ്കില്‍ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തി നല്‍കാമെന്നും അമിത് ഷാ പറഞ്ഞു.