കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണം, ക്രൂഡോയിൽ വിലകൾ വീണ്ടും കുതിപ്പിന്റെ ട്രാക്കിലേക്ക് കടന്നു. സ്വർണവില കേരളത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ക്രൂഡോയിൽ വില വർദ്ധിച്ചതിനാൽ പെട്രോൾ, ഡീസൽ വിലയും മുന്നേറുകയാണ്. ഇറാനിയൻ പടത്തലവൻ ഖാസെം സൊലൈമാനിയെ ബാഗ്‌ദാദിൽ അമേരിക്കൻ സേന കൊലപ്പെടുത്തിയതിനെ തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തതും ഗൾഫ് മേഖലയിലാകെ അതിന്റെ അലയൊലികൾ ഉയർന്നതുമാണ് സ്വർണത്തിനും ക്രൂഡിനും നേട്ടമാകുന്നത്.
ആഗോള ഓഹരികളിൽ നിന്ന് നിക്ഷേപം കൊഴിയുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള പണമൊഴുക്ക് ഉയർന്നു. ഉത്‌പാദനവും വിതരണവും കുറയുമെന്ന ആശങ്കയാണ് ക്രൂഡ് വിലക്കുതിപ്പിന് കാരണം. ഡോളറിന്റെ മുന്നേറ്രവും ക്രൂഡിനും എണ്ണയ്ക്കും കരുത്തായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.32 ശതമാനം വർദ്ധിച്ച് ഇന്നലെ അഞ്ചുമാസത്തെ ഉയരമായ 69.11 ഡോളറിലെത്തി. യു.എസ്. ക്രൂഡ് വില ബാരലിന് 4.17 ശതമാനം ഉയർന്ന് 63.73 ഡോളറായി.
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വില വർദ്ധന വൻ തിരിച്ചടിയാണ്. പെട്രോൾ, ഡീസൽ വില വർദ്ധിക്കുമെന്നതിനാൽ അവശ്യ വസ്‌തുക്കൾക്കെല്ലാം വില ഉയരും. ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ ഉയരാനും ക്രൂഡ് വില വർദ്ധന വഴിയൊരുക്കും. ഇറാക്കും സൗദിയും കഴിഞ്ഞാൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. അമേരിക്ക-ഇറാൻ സംഘർഷം വരും നാളുകളിലും മൂർച്ഛിക്കാനാണ് സാദ്ധ്യത. ഇത് വിലയെ കൂടുതൽ ഉയരത്തിലെത്തിക്കും.
പവൻ വില
₹29,560
480 രൂപ ഉയർന്ന് പവൻ വില ഇന്നലെ പുതിയ ഉയരമായ 29,560 രൂപയിലെത്തി. ഗ്രാം വില 60 രൂപ വർദ്ധിച്ച് 3,695 രൂപയായി.
കഴിഞ്ഞ സെപ്‌തംബർ നാലിലെ റെക്കാഡാണ് ഇന്നലെ മറികടന്നത്. അന്ന്, പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിൽ ഔൺസിന് 15 ഡോളറോളം ഉയർന്ന് വില ഇന്നലെ 1,543 ഡോളറിലെത്തി.
ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 850 രൂപ ഉയർന്ന് വില 40,100 രൂപയായി.
ക്രൂഡോയിൽ
$69.11
ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.32 ശതമാനം വർദ്ധിച്ച് ഇന്നലെ അഞ്ചുമാസത്തെ ഉയരമായ 69.11 ഡോളറിലെത്തി. യു.എസ്. ക്രൂഡ് വില ബാരലിന് 4.17 ശതമാനം ഉയർന്ന് 63.73 ഡോളറായി.
85%
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
പെട്രോൾ
₹78.74
ഇന്നലെ ഏഴ് പൈസ വർദ്ധിച്ചു
ഡീസൽ
₹73.35
ഇന്നലെ ഉയർന്നത് 13 പൈസ
നഷ്‌ടം നുണഞ്ഞ്
ഓഹരികൾ
അമേരിക്ക-ഇറാൻ സംഘർഷം മൂലം ആഗോള ഓഹരികൾ ഇന്നലെ നഷ്‌ടത്തിലേക്ക് വീണു. ഇന്ത്യൻ സൂചികകളായ സെൻസെക്‌സ് 162 പോയിന്റും നിഫ്‌റ്രി 55 പോയിന്റും നഷ്‌ടം നേരിട്ടു. യൂറോപ്യൻ, ഏഷ്യൻ ഓഹരികളെല്ലാം ഇന്നലെ രുചിച്ചത് നഷ്‌ടമാണ്.