hospital

ന്യൂഡൽഹി : രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രസർക്കാർ. അമ്മമാരുടെ കണ്ണീർ സർക്കാർ കാണണമെന്ന്‌ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തിരിച്ചടിച്ചു.

33 ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് കോട്ട ജെ.ജെ. ലോൺ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്. സംഭവം കോൺഗ്രസിനെതിരെ ദേശീയതലത്തിൽ പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി.

'നോക്കൂ കോട്ടയിൽ കുഞ്ഞങ്ങൾ മരിച്ച് വീഴുകയാണ്, അതിനെപ്പറ്റി ചിന്തിക്കൂ, ഈ അമ്മമാരുടെ കണ്ണീരിന് നിങ്ങൾ മറുപടി പറയേണ്ടി വരും"- അമിത് ഷാ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അശോക് ഗെഹ്‌ലോട്ട് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.

'എല്ലായിടത്തും നടക്കുന്നതാണ് ഇവിടെ നടന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ കുറവാണിത്, വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.'

- രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.

ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രി വരാന്തയിൽ പച്ച പരവതാനി വിരിച്ചത് വിവാദമായതോടെ അധികൃതർ എടുത്തു മാറ്റി. അതേസമയം കേന്ദ്രസർക്കാർ നിയോഗിച്ച എംയിസിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ്ധ സംഘം ആശുപത്രിയിലെത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.