ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ ദോഷകരമായി ബാധിക്കുമെന്ന് മുൻദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ശിവസങ്കർ മേനോൻ. വിദേശനയവുമായി ബന്ധപ്പെട്ട തിരിച്ചടികൾ ഇവ വഴിയൊരുക്കുമെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വഭേദഗതിയെയും പൗരത്വ രജിസ്റ്റരിനെയും സംബന്ധിച്ച് അന്താരാഷ്ട്രതലതത്തിൽ വളരെ മോശമായ പ്രതികരണമാണ് നിലവിലുള്ളത്. നയതന്ത്രം കൂടുതൽ കടുപ്പമേറിയതാകും. നിലവിൽ ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമാണ് രാജ്യത്തുള്ളത്. അതിനാൽ ഭീകരവാദം അടക്കമുള്ളവ വളരെ കുറഞ്ഞ അളവിൽ മാത്രമെ ഇന്ത്യയെ ബാധിച്ചിട്ടുള്ളു. എന്നാൽ പുതിയ നീക്കത്തിലൂടെ രാജ്യമെന്ന ആശയംപോലും ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സ്ഥാനമില്ലെന്ന സ്ഥിതി വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.പി.എ സർക്കാറിന്റെ നടപടികളുടെ തുടർച്ചയാണ് ഇവയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. ന്യൂനപക്ഷങ്ങൾ ഭയന്ന് കഴിയേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിനാൽ അന്നത്തെ സാഹചര്യങ്ങളുമായി നിലവിലെ സ്ഥിതിഗതികൾ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.