thomas-isac

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടർച്ചയായി പകപോക്കുകയാണ് കേന്ദ്രസർക്കാർ. തുടർച്ചയായ രണ്ടാം തവണയാണ് ഈ അൽപത്തം കേരളത്തോടു കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിന്റെ സാംസ്ക്കാരികചിഹ്നങ്ങളെ അതിമനോഹരമായി കോർത്തിണക്കിയ ദൃശ്യമാണ് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. അൽപമെങ്കിലും കലാവാസനയുള്ളവർക്ക് തള്ളിക്കളയാനാവാത്ത രൂപകൽപന. നമ്മുടെ പരമ്പരാഗത ഉൽസവങ്ങളും സംസ്ഥാന മൃഗവും സുഗന്ധദ്രവ്യങ്ങളും ആയൂർവേദവും കൂത്തമ്പലവും കൂടിയാട്ടവും മോഹിനിയാട്ടവും കഥകളിയും പടയണിയും കളരിപ്പയറ്റും തെയ്യവും ഓട്ടൻതുള്ളലും ഒരു വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലും ഓളം തല്ലുന്ന രൂപകൽപനയാണ് സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചത്. പക്ഷേ കേന്ദ്രത്തിലെ ഏമാന്മാർക്കതു ബോധിച്ചില്ല.- തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടർച്ചയായി പകപോക്കുകയാണ് കേന്ദ്രസർക്കാർ. തുടർച്ചയായ രണ്ടാം തവണയാണ് ഈ അൽപത്തം കേരളത്തോടു കാണിക്കുന്നത്. അധികാരത്തിന്റെ ഇത്തരം ദുഷ്പ്രയോഗങ്ങൾ, തരംതാണ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. നിർഭാഗ്യവശാൽ അതൊന്നും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല ബന്ധപ്പെട്ടവർ.

കലയും ശിൽപകലയും (art and architecture) എന്നതായിരുന്നു ടാബ്ലോയുടെ വിഷയം. കേരളത്തിന്റെ സാംസ്ക്കാരികചിഹ്നങ്ങളെ അതിമനോഹരമായി കോർത്തിണക്കിയ ദൃശ്യമാണ് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. അൽപമെങ്കിലും കലാവാസനയുള്ളവർക്ക് തള്ളിക്കളയാനാവാത്ത രൂപകൽപന. നമ്മുടെ പരമ്പരാഗത ഉൽസവങ്ങളും സംസ്ഥാന മൃഗവും സുഗന്ധദ്രവ്യങ്ങളും ആയൂർവേദവും കൂത്തമ്പലവും കൂടിയാട്ടവും മോഹിനിയാട്ടവും കഥകളിയും പടയണിയും കളരിപ്പയറ്റും തെയ്യവും ഓട്ടൻതുള്ളലും ഒരു വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലും ഓളം തല്ലുന്ന രൂപകൽപനയാണ് സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചത്. പക്ഷേ കേന്ദ്രത്തിലെ ഏമാന്മാർക്കതു ബോധിച്ചില്ല.

കഴിഞ്ഞ വർഷം വൈക്കം സത്യഗ്രഹമായിരുന്നു കേരളം അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത നിശ്ചലദൃശ്യം. ദളിതന്റെ ക്ഷേത്രപ്രവേശനമെന്ന ആവശ്യത്തിന്റെയും അതിനുവേണ്ടി നടന്ന പ്രക്ഷോഭത്തിന്റെയും മുഴക്കം ഇന്നും അലോസരപ്പെടുത്തുന്നതുകൊണ്ടാവാം, സംഘപരിവാർ നിയന്ത്രിക്കുന്ന ജഡ്ജിംഗ് കമ്മിറ്റി കേരളത്തിന്റെ പ്ലോട്ട് തള്ളിയിരുന്നു. അതുതന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡുകളിൽ മികവ് പുലർത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങളാണ് നാം ഒരുക്കിയിരുന്നത്. 2008 മുതൽ 2013 വരെയുള്ള 6 പരേഡുകളിൽ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡിൽ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാൻ അനുമതി കിട്ടിയത്.

തരംതാഴാൻ തീരുമാനിച്ചവർ ഏതറ്റം വരെയും തരംതാഴും. കേരളത്തെ സംഘപരിവാർ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഇത്തരം തരംതാണ അധികാരപ്രയോഗങ്ങളിൽനിന്ന് വ്യക്തമാണ്.