ടെഹ്റാൻ: പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ പട്ടാളമേധാവി, അമേരിക്ക ഭയന്ന കമാൻഡർ, ഇറാൻ ജനതയുടെ വീര പുരുഷൻ, ആരാധകരുടെ ജയിംസ് ബോണ്ട്... കൊല്ലപ്പെട്ട മേജർ ജനറൽ കാസെം സൊലൈമാനിക്ക് വിശേഷണങ്ങളേറെയാണ്. ഹീറോപരിവേഷമുള്ള ചാരനും സൈനിക തന്ത്രജ്ഞനും ആയിരുന്ന അദ്ദേഹം ഇസ്ലാമിക വിപ്ലവത്തിന്റെ ശക്തനായ വക്താവും പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേനിയുടെ വിശ്വസ്‌തനും ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു. ഇറാക്കിലും സിറിയയിലും ഉൾപ്പെടെ ഇറാന്റെ സമീപകാല വിദേശ ദൗത്യങ്ങളുടെയെല്ലാം മുഖ്യ ശിൽപ്പിയായിരുന്നു.
അടുത്ത കാലത്ത് ഇറാക്കിലും സിറിയയിലും ഇറാൻ സാന്നിദ്ധ്യം ശക്തമാക്കിയതിന്റെ പിന്നിൽ സേനാ നായകനായ സൊലൈമാനിയായിരുന്നു. അതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുകയും സൊലൈമാനി അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. കഴിഞ്ഞ വർഷം ഇറാൻ പ്രസിഡന്റിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയപ്പോൾ ചുട്ട മറുപടി നൽകിയത് സൊലൈമാനി ആയിരുന്നു.
''നിങ്ങൾക്ക് മറുപടി നൽകുന്നത് ഞങ്ങളുടെ പ്രസിഡന്റിന്റെ അന്തസിന് ചേരുന്നതല്ല. ഒരു പട്ടാളക്കാരനെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് മറുപടി നൽകാം'' എന്നായിരുന്നു സൊലൈമാനിയുടെ പ്രതികരണം.
അമേരിക്കയുടെ കണ്ണിലെ കരട്
ഇറാനിലും മറ്റിടങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ വകവരുത്തുന്നത് സൊലൈമാനിയുടെ നേതൃത്വത്തിലായിരുന്നെന്നും 2003-2011 കാലത്ത് 608 അമേരിക്കന്‍ സൈനികരെ ഇവര്‍ കൊന്നതായും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്ക ഒരു ഭീകരനായി കരുതിയിരുന്ന സുലൈമാനിയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിൽ നിന്ന് യു.എസ് പൗരന്‍മാരെ വിലക്കിയിരുന്നു. യു.എൻ സുരക്ഷാസമിതിയും സുലൈമാനിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ സുലൈമാനിയെ സംബന്ധിച്ച് പ്രതിരോധത്തിന്റെയും നയതന്ത്രങ്ങളുടെയും ഇടമായിരുന്നു ഇറാന്റെ സൈനിക നടപടികൾ. 'മനുഷ്യരാശിയുടെ നഷ്ടപ്പെട്ട പറുദീസയാണ് യുദ്ധമുന്നണി' എന്നായിരുന്നു അദ്ദേഹം തന്റെ സൈനിക ജീവിതത്തെക്കുറിച്ച് പറഞ്ഞത്.
ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനേക്കാൾ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ സൊലൈമാനി ഇറാന്റെ പ്രസിഡന്റ് ആകുമെന്ന് വരെെ അഭ്യൂഹങ്ങൾ പരന്നിരുന്നു.