പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനി ഇറാൻ റെവലൂഷനറി ഗാർഡ് കോറിന്റെ മേജർ ജനറലാണ്. അമേരിക്കയ്ക്കെതിരെ പശ്ചിമേഷ്യയിൽ ഇറാന്റെ നേതൃത്വത്തിലും പിൻന്തുണയോടെയും നടക്കുന്ന എല്ലാ സായുധ നടപടികളുടേയും സൂത്രധാരനാണ് ഖാസിം സുലൈമാനി. ഇറാഖിലെ ഷിയകൾ, പശ്ചിമേഷ്യയിലെ കുർദ്ദുകൾ, ലെബനണിലെ ഹിസ്ബുള്ള, പാലസ്തീനിലെ ഹമാസ് എന്നീ സംഘടനകൾക്കും സിറിയയിലെ ബാഷർ അൽ ആസാദിനും നൽകി വരുന്ന പിൻന്തുണ എല്ലാം കസമിന്റെ നേതൃത്വത്തിലായിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായിരുന്നു സുലൈമാനി. മുമ്പ് നിരവധി വധശ്രമങ്ങൾ സുലൈമാനിക്കെതിരെ നടന്നിട്ടുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കുറേ നാളായി ഇറാക്കിൽ അമേരിക്കയും ഇറാന്റെ പിന്തുണയുള്ള സായുധസേനകളും തമ്മിൽ യുദ്ധത്തിലാണെന്ന് പറയാം. ഡിംസംബർ 27ന് ഇറാൻ സായുധ സംഘത്തിന്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെടുകയും സഹായികൾക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി അമേരിക്ക നടത്തിയ ആക്രമണത്തിൽ 20 സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇക്കഴിഞ്ഞ ദിവസം ഇറാൻ സായുധ സംഘവും തീവ്രവാദികളും ബാഗ്ദാദിലെ എംബസിയിൽ അക്രമം നടത്തിയത്. അത് അമേരിക്കയ്ക്ക് വലിയ ക്ഷീണമായി. ലോകത്തെ ഏറ്റവും വലിയ എംബസി ഇറാൻ സായുധസംഘത്തിന്റെ തടങ്കലിൽ ആയിരുന്നു.
ട്രംപ് കടുത്ത ഭാഷയിലാണ് എംബസി ആക്രമണത്തെ അപലപിച്ചത്. ഇത് മുന്നറിയിപ്പല്ല ആക്രമിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
സുലൈമാനിയുടെ കൊലപാതകം ഇറാനെ പിടിച്ചുകുലുക്കിയെന്നതിൽ സംശയമില്ല.പ്രതികാരം ചെയ്തിരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. രാജ്യത്തെ രണ്ടാമത്തെ വലിയ നേതാവ് കൊല്ലപ്പെട്ടതിനാൽ പ്രതികാരം ചെയ്യാതെ മാർഗമില്ല എന്ന് പറയാം. ഇനി പശ്ചിമേഷ്യയ്ക്ക് സംഘർഷത്തിന്റെ നാളുകളാണെന്നതിൽ തർക്കമില്ല.
അമേരിക്കയ്‌ക്ക് സുലൈമാനിയുടെ കൊലപാതകം ഒരുപാട് കാത്തിരുന്ന ലക്ഷ്യ സാക്ഷാത്കാരമാണ്. ഒട്ടനവധി അമേരിക്കക്കാരുടെ മരണത്തിന് കാരണക്കാരനായി സുലൈമാനിയെ അമേരിക്ക കണക്കാക്കുന്നു. ഇത് വലിയ രാഷ്ട്രീയ നേട്ടമായി ട്രംപ് ആഘോഷിക്കുമെന്നതിൽ സംശയമില്ല. മുൻ പ്രസിഡന്റമാരായ ജോർജ് ബുഷും ബറാക് ഒബാമയും സംഘർഷം കണക്കിലെടുത്ത് സുലൈമാനിയെ വധിക്കുന്നതിനോട് താൽപര്യം കാട്ടിയിരുന്നില്ല. എന്തായാലും ട്രംപ് ഇത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്നതിൽ സംശയമില്ല.
ആഗോള രാഷ്ട്രീയത്തിന്, പ്രത്യേകിച്ചും പശ്ചിമേഷ്യയുടെ സഘർഷപൂരിതമായ സാഹചര്യത്തിന് ശുഭകരമല്ല ഈ വാർത്ത. എണ്ണ വില ഉയർന്ന് കഴിഞ്ഞു. ഒരു തുറന്ന യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും കാര്യങ്ങൾ കൈവിട്ട് പോയാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേയും ഇന്ത്യൻ പ്രവാസികളുടെ വരുമാനത്തേയും ഒക്കെ വളരെ പ്രതികൂലമായി ബാധിക്കാവുന്ന സാഹചര്യം സംജാതമായിട്ടുണ്ട്.