gill

മൊഹാലി: രഞ്ജി ട്രോഫിയിൽ പഞ്ചാബും ഡൽഹിയും തമ്മിലുള്ള മത്സരത്തിന്റെ ഒന്നാം ദിനം നാടകീയ രംഗങ്ങൾ. ഇന്ത്യൻ ടീം അംഗം കൂടിയായ പഞ്ചാബിന്റെ ശുഭ്മാൻ ഗിൽ അമ്പയർ പശ്ചിം പഥക് ഔട്ട് വിളിച്ചത് അംഗീകരിക്കാതെ ക്രീസിൽ തുടർന്നതാണ് പ്രശ്നമായത്. പത്ത് റൺസെടുത്ത് നിൽക്കെ സുബോധ് ബട്ടിയുടെ പന്തിൽ വിക്കറ്ര് കീപ്പർ അനൂജ് റാവത്ത് പിടിച്ച് ഗിൽ ഔട്ടായെന്ന് പശ്ചിം പഥക് വിധിച്ചു. എന്നാൽ പവലിയനിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ ഗിൽ താൻ ഔട്ടല്ലെന്ന് അമ്പയറോട് തർക്കിച്ചു. തുടർന്ന് തന്റെ ആദ്യ മത്സരം നിയന്ത്രിക്കാൻ ഇറങ്ങിയ പശ്ചിം പഥക് തീരുമാനം മാറ്രി ഗിൽ ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഡൽഹി താരങ്ങൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമായി. ഡൽഹി താരങ്ങൾ പന്തെറിയാൻ തയ്യാറായില്ല. തുടർന്ന് മാച്ച് റഫറി പി.രംഗനാഥൻ ഇടപെട്ടാണ് ഡൽഹി താരങ്ങളെ ശാന്തരാക്കി മത്സരം പുനരാരംഭിച്ചത്. പത്ത് മിനിട്ടോളം മത്സരം തടസപ്പെട്ടു. ഗിൽ അമ്പയറെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായി ഡൽഹി വൈസ് ക്യാപ്ടൻ നിധീഷ് റാണ പറഞ്ഞു. ബാറ്രിംഗ് തുടർന്ന ഗിൽ 41 പന്ത് നേരിട്ട് 23 റൺസെടുത്ത് പുറത്തായി. ഇന്നലെ കളി നിറുത്തുമ്പോൾ പഞ്ചാബ് ഒന്നാം ഇന്നിംഗ്സിൽ 268/8 എന്ന നിലയിലാണ്.