കൊച്ചി : മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റിയേക്കില്ല. സാങ്കേതിക സമിതി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ജനവാസ പ്രദേശത്തുള്ള ഫ്ലാറ്റ് ആദ്യം പൊളിക്കുന്നത് ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗം അന്തിമ തീരുമാനം എടുക്കാതെ പിരിഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികൾ എതിർ അഭിപ്രായം അറിയിച്ചതോടെയാണ് സമയക്രമം മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാതിരുന്നത്. ആൽഫാ സെറീൻ ആദ്യം പൊളിക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്നും സബ് കളക്ടർ പരിഗണിക്കുന്നത് ഫ്ളാറ്റ് പൊളിക്കാനെത്തിയ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം മാത്രമാണെന്നും പ്രദേശവാസികൾ ആരോപിച്ചു.
ഫ്ലാറ്റുകൾ പൊളിക്കാൻ എട്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് സാങ്കേതിക സമിതി സബ് കളക്ടറുടെ നേതൃത്വത്തിൽ മരട് നഗരസഭയിൽ വെള്ളിയാഴ്ച യോഗം ചേർന്നത്. നിലവിൽ തീരുമാനിച്ച രീതിയിലുള്ള സ്ഫോടന പ്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുതിയ സമയക്രമം വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനികൾ സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാൽ മുൻ തീരുമാനിച്ച പ്രകാരം ഏറ്റവും അധികം ആളുകൾ താമസിക്കുന്ന ആൽഫ സെറീൻ ഫ്ലാറ്റ് തന്നെ ജനുവരി 11ന് രാവിലെ 11ന് പൊളിക്കും. സ്ഫോടന സമയത്ത് 293 കുടുംബങ്ങളെ എങ്കിലും നാല് ഫ്ലാറ്റുകളുടെയും പരിസരപ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരുമെന്നാണ് യോഗത്തിൽ നിർദേശമുയർന്നത്.
മൂന്നു മണിക്കൂർ മുമ്പാണ് വീട്ടുകാർ 200 മുതൽ 300 മീറ്റർ വരെ അകലേയ്ക്ക് ഒഴിയേണ്ടത്. സ്ഫോടനം നടത്തി നാലു മണിക്കൂറിനു ശേഷം ഇവർക്ക് തിരിച്ചു വരാം. സ്ഫോടനസമയത്ത് സമീപത്തുകൂടിയുള്ള റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാർക്കുള്ള ഇൻഷുറൻസ് രേഖ കൈമാറുന്ന കാര്യത്തിലും യോഗത്തിനു ശേഷം നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളിൽ ശനിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിനു ശേഷം ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് ഒടുവിലായിരിക്കും ഏത് ഫ്ളാറ്റ് ആദ്യം പൊളിക്കുകയെന്ന കാര്യം വ്യക്തമാവുക. ആൽഫാ സെറീൻ പൊളിക്കുന്നത് മാറ്റിവെക്കുമെന്ന് ഇന്നലെ നടന്ന യോഗത്തിൽ സർക്കാർ സമരം ചെയ്തിരുന്ന പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. അതിനാലാണ് തങ്ങൾ സമരം പിൻവലിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടു മാത്രമേ പൊളിക്കൽ നടപടികള്‍ ആരംഭിക്കൂവെന്ന് എം.എൽ.എയും ഉറപ്പുനൽകിയിരുന്നുവെന്ന് അവർ പറയുന്നു.