ന്യൂഡൽഹി: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവര്‍ക്കറും ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയും തമ്മിൽ സ്വവർഗാനുരാഗമായിരുന്നുവെന്ന പരാമർശത്തിനെതിരെ ബി.ജെ.പിയും ശിവസേനയും രംഗത്ത്. കോൺഗ്രസ് പോഷക സംഘടനയായ സേവാദൾ പുറത്തിറക്കിയ ലഘുലേഖയിലെ പരാമർശങ്ങൾ അത്യന്തം വൃത്തികെട്ട രീതിയിലുള്ളതാണെന്ന് ബി.ജെ.പി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് ഏതൊക്കെ തരത്തിൽ ആരോടൊക്കെ ബന്ധങ്ങൾ ഉണ്ടെന്ന് ലോകത്ത് എല്ലാവർക്കും അറിയാമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി അനിൽ ജെയിൻ പറഞ്ഞു. സവർക്കറിനെ പോലെ കോൺഗ്രസിൽ ഒരു നേതാവും കഷ്ടപ്പെട്ടിട്ടില്ല. സഹനങ്ങൾ ഏറ്റെടുത്തിട്ടില്ല. ഹിന്ദുത്വയുടെ മുഖമാണ് സവർക്കർ. സവർക്കറെ കുറിച്ച് മോശം പരാമർശം നടത്തിയതിൽ കോൺഗ്രസ് മറുപടി പറയണമെന്നും അനിൽ ജെയിൻ ആവശ്യപ്പെട്ടു.
സവർക്കറെ ഇത്രയും മോശമായ രീതിയിൽ അവതരിപ്പിച്ച കോൺഗ്രസിന് അവരോട് തന്നെ ലജ്ജ തോന്നണമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് ഇത്രയും മഹാന്‍മാരായ നേതാക്കളെ കോണ്‍ഗ്രസ് പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്നും ഷാ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. സവര്‍ക്കര്‍ മഹാനായ മനുഷ്യനാണ്. എന്നും എപ്പോഴും അങ്ങനെ തന്നെയാണ്. സവർക്കറെ കുറ്റപ്പെടുത്തുന്നതിലൂടെ അവരുടെ മനസുലെ അഴുക്കാണ് പുറത്തുവരുന്നത് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത് ശിവസേന എത്രകാലം പൊറുക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചോദിച്ചു.. സവർക്കറെ അപമാനിച്ച കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശിവസേന തയാറാകണമെന്ന് ബിജെപി നേതാവ് ഉമാഭാരതി ശിവസേനാ തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു.