തൃശ്ശൂർ: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തന്നെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആരും വിരട്ടാൻ നോക്കേണ്ടെന്നും ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവർണർ പറഞ്ഞു. ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവർണറുടേത്. അത് ഭയം കൂടാതെ നിർവഹിക്കും. ഭരണഘടനാപരമായി ഞാൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. സഭാ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകൾക്കും കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെടാൻ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. കൊറിയയിൽ ഇടപെടരുതെന്ന് അമേരിക്കയോട് നിർദേശിക്കുന്നതുപോലെയാണത്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.