ഡേവിഡ് നീ കിടന്നുറങ്ങൂ നിന്റെ അച്ഛൻ ഇനി വരില്ല ..'
നേർത്ത പഞ്ഞി പോലെ മഞ്ഞ് അപ്പോഴും ആ ക്രിസ്തുമസ് രാത്രിയിലേക്ക് പെയ്തിറങ്ങുന്നുണ്ടായിരുന്നു .. റോഡരികുകളിലും വൃക്ഷത്തലപ്പുകളിലും വീടുകളുടെ മേൽക്കൂരകളിലും അലിയാതെ അടിഞ്ഞു കൂടിയ മഞ്ഞ് പോലെ ഡേവിഡിന്റെ മനസിലേക്ക് ആ ക്രിസ്തുമസ് രാത്രിയിൽ പൊഴിഞ്ഞു വീണ മമ്മയുടെ വാക്കുകൾ ഇന്നു വരെ ഉരുകി തീർന്നിട്ടില്ല ..
അന്ന് അവർ താമസിച്ചു കൊണ്ടിരുന്ന സ്ലൈട് റോഡ് അപ്പാർട്ടമെന്റിലെ പഴകിയ ജാലക വാതിൽ കർട്ടൻ വകഞ്ഞു മാറ്റി ... കണ്ണിമ തെറ്റാതെ ഡാഡിനെ കാത്തിരിക്കയായിരുന്നു ഡേവിഡ്.
റിച്ചാർഡും ഡേവിഡിന്റെ മമ്മ ലിസയും നെരിപ്പോടിന്റെ ചൂട് പറ്റിയിരുന്ന് അവരുടെ ബാല്യകാല ക്രിസ്തുമസ് കഥകൾ അയവിറക്കയാണ്
'ഗുഡ് നൈറ്റ് മമ്മ"
നെറുകയിൽ മുത്തം തന്ന് വാതിൽ ചാരി മമ്മ ബെഡ്റൂം വിട്ടിറങ്ങി.
കുങ്ങ്ഫു പാണ്ഡയും.
ലൈറ്റിനിങ്ങ് മക്ക്വീൻ കാറുകളും , ഒത്തിരി ക്രിസ്തുമസ് സമ്മാനങ്ങളുമായി സാന്താക്ലോസിനെ പോലെ ഡാഡ് വാതിലിൽ മുട്ടി വിളിക്കുന്നതും ഡേവിഡ് കാതോർത്തിരുന്നു.. പക്ഷെ ഡേവിഡിന്റെ ഡാഡ് വന്നില്ല.
'ക്രിസ്തുമസ് രാത്രിയിലാണ് ഡാഡ് സമ്മാനങ്ങളുമായി വരുക. ഡേവിഡ് നീ ഉറങ്ങരുത്. ന്യൂ ഇയർ കഴിഞ്ഞാൽ ഡാഡിക്ക് പുതിയ ജോലി കിട്ടും, ഡാഡി പുതിയ വീടു മേടിക്കും..
പിന്നെ ഡേവിഡ് എല്ലാ മാസവും രണ്ടാഴ്ച ഡാഡിയുടെ കൂടെയാണ്."
നെറുകയിൽ ഇന്നും തണുക്കാത്ത ചെറു ചൂടുള്ള മുത്തം..
ഒരു റെസ്റ്റോറന്റ് ..ആത്മവിശ്വാസം തുടിക്കുന്ന കണ്ണുകൾ .. പിന്നെ ആ വാക്കുകൾ അതാണ് ഡാഡിനെ കുറിച്ചുള്ള അയാളുടെ അവസാനത്തെ ഓർമ്മ ..
പിന്നെ അയാൾ ഡാഡിനെ കണ്ടിട്ടില്ല ...
അച്ഛൻ എന്ന വെയിൽ അയാളുടെ ജീവിതത്തിൽ ഉദിച്ചിട്ടില്ല, ഡാഡ് അയാളെ തിരക്കി ചെന്നിട്ടുമില്ല ..ആ മുഖം എവിടെയോ മറഞ്ഞു പോയി..
ആൾക്കൂട്ടങ്ങൾ ഒറ്റപ്പെടുത്തുന്ന വലിയ നഗരങ്ങളിലെ ഹോട്ടൽ മുറി രാത്രികളിൽ ..ചിലപ്പോൾ സ്വന്തം വീട്ടിൽ ഡോണയുടെ മടിയിൽ തല ചായിച്ച് ഉറങ്ങുമ്പോൾ.. അങ്ങനെ ജീവിതത്തിലെ , ഒറ്റപ്പെട്ട പല രാത്രികളിലും അയാളെ ആ പഴയ ക്രിസ്തുമസ് ഒരു സ്വപ്നമായി മുട്ടി വിളിച്ചെഴുന്നെൽപ്പിച്ചിട്ടുണ്ട് .. സാന്താക്ലോസിനെ പോലെ സമ്മാനങ്ങളുമായി സ്വപ്നങ്ങളിൽ അയാളുടെ ഡാഡ് കടന്നു വന്നിട്ടുണ്ട് .
'ഡേവിഡ് നീ എന്തു കൊണ്ട് നിന്റെ മമ്മയോട് നിന്റെ ഡാഡിനെ പറ്റി ചോദിക്കാറില്ല '?
അയാളുടെ ജീവിത സഖി ഡോണ ചോദിക്കാറുണ്ട്
' ഞാൻ ശ്രമിച്ചിട്ടുണ്ട് ഡോണ, മമ്മ ഒഴിഞ്ഞു മാറുകയാണ്. മമ്മക്ക് അത് ഇഷ്ടമല്ല ..
എനിക്ക് വേണ്ടി മാത്രമാണ് മമ്മ ഒരായുസിന്റെ നല്ല പകുതി ജീവിച്ചു തീർത്തത്.
ബോയ് സ്കൗട്ട് ക്യാബുകളിൽ ഒരു അച്ചനെ പോലെ.. ബേസ് ബോളും ബാസ്കറ്റ് ബോളും കളിക്കാൻ ഒരു ജ്യേഷ്ഠനെ പോലെ ...
എന്റെ എല്ലാ സ്വപ്നങ്ങളുടെയും വളർച്ചയുടെയും വേരുകളിൽ അമ്മയുടെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. അമ്മയുടെ മാത്രം .. '
ഡാഡ് അയാളുടെ ജീവിതത്തിൽ നിന്നും നടന്നകന്നിട്ട്.. കരഞ്ഞ് തളർന്ന് ജനാലക്കരുകിലിരുന്ന് അയാൾ ഉറങ്ങി പോയ ക്രിസതുമസ് രാത്രി കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് വർഷങ്ങൾ ...
വീണ്ടും ഒരു ക്രിസ്തുമസ് വരികയാണ്..
ക്രിസ്തുമസ് അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞ ഹോസ്പിറ്റൽ ഹാൾ വേ അവസാനിക്കുന്നത് ലിസ കിടക്കുന്ന മുറിയിലാണ് ..
മുറിക്കുളിൽ ഒരു കുഞ്ഞ് ക്രിസ്തുമസ് ട്രീ മിന്നിമായുന്നുണ്ട്.. ഒരു കുഞ്ഞ് സാന്താക്ലോസ് ചിരിക്കുന്നുണ്ട് ..
ലിസ ഉറങ്ങുകയാണ്.. വാർദ്ധ്യക്കത്തിന്റെ തീക്ഷണതകൾ ചുളിപ്പിച്ച അമ്മയുടെ കരങ്ങളെ ഡേവിഡ് സ്വന്തം നെഞ്ചോട് ചേർത്തു വച്ചു. മകന്റെ നെഞ്ചിടുപ്പകളെ ഒരിക്കൽ കൂടി തന്റെ തണുത്ത കരങ്ങൾ കൊണ്ട് കാതോർത്തു ലിസ.. അപ്പോഴേക്കും ആ ആശുപത്രി മുറിയിലെ നിശബ്ദതയെ അലസരപ്പെടുത്തി ഐ. വി പമ്പിന്റെ ഡിജിറ്റൽ നാദം നഴ്സിനെ വിളിച്ചു വരുത്തി.. ഉറക്കമുറിവുകളുടെ നീറ്റലുകളിൽ ലിസ പതിയെ കണ്ണുകൾ തുറന്നു ..
'ഹായ് ! ഹൃദയമിടിപ്പ് നിയന്ത്രിക്കാനുള്ള മരുന്നാണ് കൊടുത്തിരുന്നത് ..
അനസ്തേഷ്യയ്ക്ക് ശേഷം ഹൃദയം ഇത്തിരി കുസൃതി കാണിച്ചിരുന്നു '
ഒരു കുസൃതി ചിരിയോടെയാണ് ലിസയുടെ നഴ്സ് അത് പറഞ്ഞത് ..
' ഞാൻ ഡേവിഡ് .. മകനാണ് എന്തൊക്കെയാണ് മമ്മയുടെ അപ്ഡേറ്റ്സ്. എനിക്ക് ഇന്നാണ് എത്തി ചേരുവാൻ സാധിച്ചത് ..
സർജറി സമയത്ത് ഫോണിൽ വിളിച്ചിരുന്നു , സംസാരിച്ചിരുന്നു ..'
എന്തോ തെറ്റു ചെയ്ത കൊച്ചു കുട്ടിയെ പോലെ അയാളുടെ ശബ്ദം പതറി ..
' ലിസ നന്നായി സുഖം പ്രാപിക്കുന്നു ..
ഇന്ന് റീഹാബ് ടീമിന്റെ കൂടെ ഇത്തിരി നടന്നിരിന്നു. പിഞ്ചു കുഞ്ഞുങ്ങളെ പോലെ വീണ്ടും നടക്കാൻ പഠിക്കുകയാണ് .. സർജറി കഴിഞ്ഞ് വന്നപ്പോൾ ഹൃദയമിടുപ്പുകൾ വല്ലാത്ത വേഗത്തിലായിരുന്നു ..ഇപ്പോൾ പതിയെ നിയന്ത്രിതമാകുന്നു
അയാളുടെ കണ്ണുകളിലെ പ്രകാശവും ക്രിസതുമസ് ട്രീയിലെ ബൾബുകളും ഒരു മാത്ര മിന്നി ...
' രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞാൽ ഒരു റീഹാബ് ഹോമിലേക്ക് മാറ്റും ..
ഒറ്റക്ക് താമസിക്കുന്നത് കൊണ്ടും കാർഡിയാക്ക് റിസ്ക്കുള്ളതും കൊണ്ട് അവർ വീട്ടിൽ സുരക്ഷിതമല്ല എന്നാണ് റീഹാബ് റിപ്പോർട്ട് .
യാന്ത്രികമായി അയാൾ നന്ദി എന്നുച്ചരിച്ചു..
മമ്മയുടെ കണ്ണിലൂടെ ഒഴുകി വരുന്ന നീർ തുള്ളികൾ കടലാസ് തൂവാല കൊണ്ട് ഒപ്പിയെടുത്തു... മേശപ്പുറത്തിരുന്ന് ഒരു കുഞ്ഞ് സാന്റക്ലോസ് ഊറി ചിരിച്ചു ..
അയാളുടെ കൈകൾ മുറുക്കെ പിടിച്ചിരിക്കയായിരുന്നു ലിസ ..
'മകനെ ഇനി എത്രത്തോളം ഈ ജീവിതം മുൻപോട്ട് നീളുമെന്നറിയില്ല .. എനിക്ക് നിന്നോട് സംസാരിക്കണം .. നിന്റെ ചോദ്യങ്ങൾക്ക് ഈ ക്രിസ്തുമസ് മറുപടിയാവണം ..
ഡേവിഡിന്റെ ജീവിതത്തിന്റെ ആമുഖം ലിസ മെല്ലെ പറഞ്ഞു തുടങ്ങി ...ഡോക്ട്ടേർസ് വിത്ത് ഔട്ട് ബോർഡർസ് എന്ന സംഘടനയിൽ ചേർന്ന് കൂട്ടുക്കാർക്കൊപ്പം വർഷങ്ങൾക്ക് മുൻപാണ് ഞാൻ ഇന്ത്യയിലേക്ക് പോയത് ,ആ യാത്രയിൽ ഒരു ഗ്രാമത്തിൽ ഒരു ആശുപത്രി വരാന്തയിൽ രോഗികളെയും കൊണ്ടു വന്നിരുന്ന ഒരു നല്ല മനുഷ്യനെ ഞാൻ പരിചയപ്പെട്ടിരുന്നു.. സുന്ദരനായ ഒരു മനുഷ്യൻ. ഇന്ത്യൻ പ്രൗഢി മുഴുവൻ മുഖത്ത് ഒളി മിന്നുന്നൊരാൾ വിതീയുള്ള മാറിനോളം വിശാലമായ ഹൃദയമുള്ള ഒരാൾ. കണ്ണുകളിൽ നിന്നു ഒഴുകിയിറങ്ങുന്ന സഹാനുഭൂതി കൊണ്ട് സഹജീവികളെ തഴുകുന്നൊരാൾ ..
അയാളുടെ കൂടെ ഞാൻ ഇന്ത്യ മുഴുവനും സഞ്ചരിച്ചു. പ്രാചീനമായ സംസ്കാരത്തടങ്ങളോടു ചേർന്നൊഴുകിയ എന്റെ ജീവിതത്തിലെ പാവനമായ നിമിഷങ്ങൾ.. താജ്മഹൽ എന്ന വിശ്വപ്രണയ സങ്കൽപ്പം കണ്ടിറിങ്ങിയപ്പോഴേക്കും ഞങ്ങൾ പരിചിതർക്കപ്പുറം പ്രണയിതരായി മാറിയിരുന്നു.
'ആ നല്ല മനുഷ്യനാണ് നിന്റെ ഡാഡ് മിസ്റ്റർ ജെയിംസ് ഡേവിഡ്."
ലിസയുടെ വരണ്ടുണങ്ങിയ ചുണ്ടുകൾ വിറച്ചു തുടങ്ങിയിരുന്നു. മമ്മയുടെ നീലിച്ച ചുണ്ടുകളിലേക്ക് ഐസ് ടീ ഇറ്റിച്ചു കൊടുത്തു ഡേവിഡ് 'എന്റെ ഇന്ത്യ സന്ദർശനം കഴിഞ്ഞ് നിന്നെ എന്റെ ശരീരത്തിൽ വഹിച്ചാണ് ഞാൻ അമേരിക്കയിൽ തിരിച്ചെത്തിയത്."
കാലിലൂടെ അരിച്ചു കയറുന്ന വേദനയുടെ വേലിയേറ്റങ്ങളെ ശാന്തമാക്കുവാൻ ലിസ പെയിൻ പമ്പിൽ വീണ്ടും വിരലമർത്തി ..
കടൽ ക്ഷോഭങ്ങളിൽ നിന്നൊഴിഞ്ഞ് തീരത്ത് നങ്കുരമിടാൻ ഒരുങ്ങുന്ന കപ്പൽ പോലെ ശാന്തമാവുകയാണ് ലിസയുടെ മനസ് ..
നടന്നു തീർത്ത വഴികളുടെ അടയാളങ്ങൾ പോലെ കവിൾ തടങ്ങളിലെ ചുളിഞ്ഞ പാടുകളിൽ കണ്ണിരുപ്പ് പറ്റി പിടിച്ചിരുന്നു.
' ക്രമാനുഗതമായി അടുത്ത മോർഫിനുള്ള സമയമായി .. ലിസ നിങ്ങളുടെ വേദന എങ്ങനെയുണ്ട് ?"
' മനസിന്റെ വേദനകളെയും സംഹരിക്കാവാൻ നിന്റെ കൈയിലുള്ള മോർഫിന് ആവുമോ കുട്ടി"
' മോർഫിൻ കിട്ടി കഴിയുമ്പോൾ ഇത്തിരി നേരത്തേക്കെങ്കിലും നിങ്ങൾ ഒരു മറവിയിലേക്ക് മാഞ്ഞ് പോകാറുണ്ട് ലിസ , നിങ്ങൾക്ക് തീർച്ചയായും മോർഫിൻ വേണമോ?"
ഒരാശ്രയം എന്ന പോലെ നഴ്സിന്റെ കൈയിലിരുന്ന മോർഫിൻ സിറിഞ്ചിലേക്ക് നോക്കി , വേണമെന്ന് തന്നെ ലിസ പറഞ്ഞു .
'ആരുടെയോക്കെയോ ഒരു മറവി മാത്രമാണ് നമ്മളും, ഓർമ്മയില്ലെങ്കിൽ ചിലപ്പോൾ വേദന പോലും ഇല്ല .. അതു തന്നേക്കു ..
സിരകളിലേക്ക് അരിച്ചിറങ്ങുന്ന
മോർഫിന്റെ ചിറകിലേറി ലിസ ആകാശ ചെരുവകളിൽ ഇനിയും പെയ്തൊഴിയാത്ത മഞ്ഞു മേഘങ്ങളെ തേടിയിറങ്ങി ..
ആശുപത്രി ജനാലകൾക്കപ്പുറം കനത്തു കിടക്കുന്ന ഡിസംബർ രാത്രിയിലേക്ക് വെള്ള തൂവലുകൾ പൊഴിയുന്ന പോലെ മഞ്ഞു ശകലങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
ജനാലക്കപ്പുറത്ത് മാലാഖാമാർ ചിറകുകൾ വിരിച്ച് പാടുന്ന സങ്കീർത്തനങ്ങൾക്ക് ലിസ കാതോർത്തു , മോർഫിന്റെ മയക്കത്തിലേക്ക് മറയുമ്പോൾ ഒരു പ്രാർത്ഥന പോലെ പതിയ ശബ്ദത്തിൽ ലിസ ആവർത്തിച്ച് ഉരുവിട്ടു കൊണ്ടിരുന്നത് ... ഡേവിഡിനു കേൾക്കാമായിരുന്നു ..
'റിച്ചാർഡ് ആണ് അന്ന് പൊലീസിനെ വിളിച്ചത് ഞാൻ ഉറങ്ങി പോയിരുന്നു ഡേവിഡ്."
പരിശുദ്ധരായ മനുഷ്യരുടെ മരണശേഷം അവർ മാലാഖാമാരായി മാറി ഭൂമിയിൽ അവശേഷിക്കുന്ന പ്രിയപ്പെട്ടവർക്ക് കാവൽ നിൽക്കും അവർ തൂവൽ പൊഴിക്കുന്നതാണ് മഞ്ഞു കാലം .
ലിസയെ മോർഫിന്റെ മയക്കത്തിലേക്ക് ചായിച്ചു കിടത്തി നഴ്സ് മുറി വിട്ടു പോയിരുന്നു..കൊച്ചു നാളിൽ എന്നോ മമ്മ പറഞ്ഞ കഥ ഓർക്കുകയായിരുന്നു ഡേവിഡ്. ഞരക്കങ്ങളോടെയും നെടുവീർപ്പുകളോടെയും ആ ആശുപത്രി പതിയെ ഒരു ഉറക്കത്തിലേക്ക് വഴുതി വീണു ..
ജനാലക്കപ്പുറം വാശി പിടിച്ചെന്ന പോലെ മഞ്ഞ് ആ ഡിസംബർ രാത്രിയെ വെള്ള പുതപ്പിക്കാൻ തുടങ്ങി .
തണുത്തുറഞ്ഞു പോയ മഞ്ഞു പാളികളിൽ തെന്നി വീണ് ഇടുപ്പിന്റെ അസ്ഥി ഒടിയുന്നതിലും പെട്ടന്നായിരുന്നു ലിസയുടെ കുസൃതി മാറാത്ത ഹൃദയം ഒരു തണുപ്പിലേക്ക് തെന്നി വീണത്..
ഒരു മിന്നൽ പോലെ 'കോഡ് ബ്ലു ' അനൗൺസ് ചെയ്ത് റാപ്പിട് റെസ്പോൺസ് ടീം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കരങ്ങൾ ലിസയുടെ ജീവനു വേണ്ടി നീട്ടിയെങ്കിലും ലിസയുടെ നെഞ്ചിൽ പച്ച കുത്തി വെച്ചിരിക്കുന്ന 'ഡു നോട്ട് റീസസിറ്റേറ്റ് "എന്ന അക്ഷരമതിലിനു മുൻപിൽ നിസഹായാരായി നിൽക്കേണ്ടി വന്നു.
നിശ്ചലമായ ജനിമൃതികളുടെ അവസാന നിമിഷങ്ങളിൽ
ജീവിത ശരപഞ്ചരങ്ങളുടെ ശയ്യയിൽ..
വേദനകളുടെ തീക്ഷ്ണ മൂർദ്ധന്യങ്ങളിൽ..
പരം പൊരുൾ തേടിയ ലിസയുടെ കണ്ണീർ തടങ്ങളിൽ മാലാഖാമാർ നിത്യ സമാധാനത്തിന്റെ തണുത്ത തൂവലുകൾ പൊഴിച്ചു ..
അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് തോരണങ്ങൾ അഴിച്ചെടുത്ത് വീട് വൃത്തിയാക്കുകയായിരുന്നു ഡോണയും ഡേവിഡും ... ക്രിസ്തുമസ് ട്രീയിൽ തൂങ്ങിയാടുന്ന കുഞ്ഞ് സാന്താക്ലോസുകൾ! ഇത്രയധികം സാന്താക്ലോസുകൾ ആദ്യമായിട്ടാണ് ഡോണ ഒരു ക്രിസ്തുമസ് ട്രീയിൽ കാണുന്നത് .
'ഡേവിഡ് , എത്രയധികം കുഞ്ഞ് കുഞ്ഞ് സാന്താക്ലോസുകൾ കൊണ്ടാണ് നിന്റെ മമ്മ ഈ ക്രിസ്തുമസ് ട്രീ അലങ്കരിച്ചിരിക്കുന്നത് ..'
'ഡോണ , കഴിഞ്ഞു പോയ ഒരോ ക്രിസ്തുമസുകളും ഒരോ സാന്റാക്ലോസ്റ്റ് ഓർമ്മകളാണ് .. പണ്ട് എന്റെ കുഞ്ഞ് നാളിൽ ഡാഡ് ഉണ്ടായിരുന്നപ്പോൾ ക്രിസ്തുമസ് ട്രീയിൽ കുഞ്ഞ് സാന്താക്ലോസുകളെ തൂക്കിയിട്ട് അലങ്കരിച്ചു തുടങ്ങിയതാണ് .. ഡാഡ് ഞങ്ങളെ ഉപേക്ഷിച്ചു പോയി പക്ഷെ ഞങ്ങൾ ആ പതിവ് തെറ്റിച്ചില്ല അത് തുടർന്നു കൊണ്ടേയിരുന്നു..
ഒരോ ക്രിസ്തുമസിനും ഓരോ പുതിയ സാന്ത ക്ലോസ് .
ജനാല ചില്ലിലൂടെ അരിച്ചിറങ്ങിയ ജനുവരിയിലെ ഇളം വെയിലിൽ ക്രിസ്തുമസ്സ് ട്രീയുടെ താഴെ നിര നിരയായി വച്ചിരുന്ന കുഞ്ഞു കുഞ്ഞ് സാന്താക്ലോസുകളുകൾ വെട്ടി തിളങ്ങി. സ്വീകരണ മുറിയിലെ ഭിത്തിയിൽ ഓർമ്മകൾ പോലെ അവരുടെ നിഴലുകൾ ചിതറി കിടന്നു ...
' ഇതു നോക്കൂ ,നിന്റെ കളിപ്പാട്ടങ്ങൾ" ആറ്റിക്കിൽ ക്രിസ്തുമസ് അലങ്കാരങ്ങൾ അടുക്കിവെയ്ക്കുകയായിരുന്ന ഡോണ
ഡേവിഡിന്റെ ബാല്യകാല കളിപ്പാട്ട ശേഖരം കണ്ടെടുത്തത് ആകസ്മികമായിട്ടാണ്.
'എത്ര സുന്ദരമായ ചെസ് ബോർഡാണ് '
ഡോണക്ക് കിട്ടിയത് ഒരു മാർബിൾ ചെസ് ബോർഡ്.
ഓർമ്മകളുടെ തട്ടിൻ പുറത്തിരുന്ന് കളിയൊച്ചകൾ കേൾപ്പിക്കുന്ന ഒരിക്കലും ബാറ്ററി തീരാത്ത ബാല്യത്തിലേക്ക് പെട്ടെന്ന് ഓടി പോയി ഡേവിഡ് ..
കറുപ്പും വെളുപ്പമായി ദിവസങ്ങളെ വേർത്തിരിക്കും പോലെ കളങ്ങളിട്ട് വേർതിരിച്ചിരിക്കുന്ന ചെസ് ബോർഡിന്റെ മറുവശത്ത് ഡാഡ് !
'മകനെ, കറുപ്പും വെളുപ്പുമായി ചതുരംഗങ്ങളിൽ ബുദ്ധി കൊണ്ട് പൊരുതി രാജാവിനെ ഒറ്റപ്പെടുത്തി ജയം വെട്ടി പിടിക്കുന്ന കളിയാണിത്. ജീവിതത്തിൽ എന്ന പോലെ ഇവിടെയും മുൻതൂക്കം വെളുപ്പിൽ കളിക്കുന്നവർക്കാണ് ..'
ചെസ് കളിയുടെയും ജീവിതത്തിന്റെയും ബാല പാഠങ്ങൾ പഠിപ്പിക്കയായിരുന്നു ഡാഡ് ..
' ഡോണ, ഓരോ നീക്കങ്ങൾ ഞാൻ സ്വായത്തമാക്കുമ്പോൾ എന്നെ വാരി പുണരുമായിരുന്നു ഡാഡ്. വാക്കുകളും ഭാഷയും കൊണ്ടല്ല ഭ്രാന്തമായ സ്നേഹത്തോടെ രണ്ടു വർഷത്തോളം എന്നെ ചേർത്തു പിടിച്ചിരുന്നു ഡാഡ് ..
' ജെയിംസ് , നിങ്ങൾക്ക് അവനോട് സ്നേഹമല്ല ഭ്രാന്താണ് "
പലപ്പോഴും മമ്മ ഡാഡിനോട് പറയാറുണ്ട്.
കളിപ്പാട്ടങ്ങളുടെ ഇടയിൽ ചാര നിറത്തിലുള്ള ഒരു ഫയൽ ഡോണയുടെ ശ്രദ്ധയിൽ പെട്ടു. കത്തുകൾ അടുക്കി വെച്ചിരിക്കുന്ന ഒരു ഫയൽ ..
ആകാംക്ഷ ഭരിതരായി ഡോണയും
ഡേവിഡും ചാര നിറത്തിലുള്ള കടലാസിൽ ചുവപ്പു നിറത്തിൽ ചാലിച്ചെഴുതിയ മമ്മയുടെ കൂട്ടക്ഷരങ്ങൾ വായിക്കാൻ തുടങ്ങി.
'' പൊന്നു മകനെ ഡേവിഡ് ,
ഒരിക്കലെങ്കിലും നിന്നോട് പറയണം എന്നോർത്ത കാര്യങ്ങൾ ഞാൻ കുറിച്ചു വയ്ക്കയാണ് ... ഇതൊന്നും നിന്നെ അറിയിക്കാതെ ഞാൻ മരിച്ചു പോകുമോ എന്ന് ഇടയ്ക്കെങ്കിലും ഭയപ്പെടുന്നു ..
നിന്റെ ഡാഡിനെ നിന്നിൽ നിന്നും ഒളിപ്പിച്ചു വച്ചതിൽ എന്നോട് ക്ഷമിക്കണം.
നിനക്ക് അഞ്ച് വയസുള്ളപ്പോഴാണ് നിന്റെ ഡാഡിന് ഇവിടെ നമ്മുടെ ഒപ്പം എത്തി ചേരാനായത് .
രണ്ടു വർഷത്തോളം നിന്നെ താലോലിച്ചും നിന്റെ കാര്യങ്ങൾ നോക്കി നടത്തിയും അയാൾ തള്ളി നീക്കി. പ്രതീക്ഷിച്ച പോലെ എനിക്ക് ഡിഗ്രി പൂർത്തിയാക്കാനോ ഒരു നല്ല ജോലി കണ്ടു പിടിക്കാനോ കഴിഞ്ഞില്ല ..ജോലിക്കു പോവാൻ ജെയിംസിനും സാധിച്ചില്ല.. ഒരു കോഫി ഷോപ്പിലെ വെയ്റ്ററിന്റെ ജോലി കൊണ്ട് നിന്റെ കാര്യങ്ങൾ പോലും എനിക്ക് നോക്കി നടത്താൻ സാധിക്കുമായിരിന്നില്ല.. ആ ദിവസങ്ങളിലാണ് ഞാൻ റിച്ചാർഡിനെ പരിചയപ്പെട്ടത് , കോഫിഷോപ്പിൽ സ്ഥിരമായി വന്നിരുന്ന അയാളുടെ ഓഫീസിൽ ഒരു ജോലിക്ക് ക്ഷണം ലഭിച്ചത് ..
പതിയെ പതിയെ അയാൾ എന്റെ സ്വകാര്യ ജീവിതത്തിലേക്കും എന്നിലേക്കും ഒരു കാൻസർ പോലെ പടർന്നു പിടിച്ചു .. നിന്റെ ഡാഡും ഞാനുമായി അകന്നു ,ജെയിംസ് വീട് വീട്ടു പോയി .. എങ്ങനെയോ അയാൾ ഒരു റെസ്റ്റോറന്റിൽ ജോലി കണ്ടു പിടിച്ചു ..എല്ലാ മാസവും നിന്നെ രണ്ടാഴ്ച കൂടെ നിർത്താനുള്ള കോടതിവിധിയും സമ്പാദിച്ചു..
പക്ഷെ എല്ലാം തെറ്റിച്ചത് ആ ക്രിസ്തുമസ് രാത്രിയായിരുന്നു ...
രാത്രി വൈകുവോളം ആ ജനാലക്കരുകിൽ നീ അച്ഛനെ കാത്തിരുന്നു .. കഠിനമായ മഞ്ഞ് വീണ രാത്രിയിൽ ജോലി കഴിഞ്ഞ് നിരത്തിലൂടെ നിന്റെ സമ്മാനങ്ങളുമായി അയാൾ നടന്നെത്തിയപ്പോൾ ഏറെ വൈകിയിരുന്നു ... നീ ഉറങ്ങി പോയിരുന്നു ..
ഞാൻ മയങ്ങിയിരുന്നു ...അയാൾ ഏറെ നേരം വാതിലിൽ മുട്ടി വിളിച്ചിട്ടും റിച്ചാർഡ് വാതിൽ തുറന്നില്ല ..നിന്നെ കാണാതെ പോകാൻ കൂട്ടാക്കാതെ നിന്നിരുന്ന അയാളെ ഒഴിവാക്കാൻ റിച്ചാർഡാണ് പോലീസിനെ വിളിച്ചത് ... ആ കേസിൽ പൊലീസുമായി സംസാരിച്ചെതെല്ലാം റിച്ചാർഡായിരുന്നു... അങ്ങനെ നിന്റെ ഡാഡിന് എന്നേക്കുമായി ഈ രാജ്യം വിട്ടു പോകണ്ടി വന്നു. കോടതി അയാളെ ഡീപോർട്ട് ചെയ്തു.
അന്ന് അയാൾ അവസാനമായി പറഞ്ഞത് ഡേവിഡ് നീ അയാളെ തേടി ചെല്ലുമെന്ന് തന്നെയാണ്.
നമ്മുടെ പഴയ അഡ്രസിലേക്ക് ഇന്ത്യയിൽ നിന്നും ജെയിംസിന്റെ കത്തുകൾ വന്നിരുന്നു. ഒന്നും എനിക്ക് മനസിലാവാത്ത ഭാഷയിലാണ്. ആ കത്തുകൾ ഇതിലുണ്ട്.
അടുത്ത വെയ്റ്ററിനെ കോഫി ഷോപ്പിൽ നിന്ന് ഓഫിസിലെത്തിക്കും വരെ മാത്രമാണ് റിച്ചാർഡുമായുള്ള എന്റെ ബന്ധം നില നിന്നത് ..
അയാൾ തന്ന ജോലി ഞാൻ ഉപേക്ഷിച്ചു ..
പിന്നെ നമ്മുടെ ജീവിതത്തിലേക്ക് ആരും കടന്നു വന്നിട്ടില്ല .. വരാൻ ഞാൻ സമ്മതിച്ചിട്ടില്ല .
ബന്ധങ്ങളെ കുരുതി കൊടുത്ത് കടന്നു പോയ കാലം കരുതി വെച്ച കടലാസ് തുണ്ടുകൾ ഡേവിഡിന്റെ കൈയിലിരുന്ന് വിറച്ചു ..
ആകാംക്ഷ ഭരിതയായി അടുത്ത കത്തെടുത്തിരുന്നു ഡോണ ...
'ഡേവിഡ് ഇതാ നിന്റെ അച്ഛന്റെ കത്തുകൾ .. ഇന്ത്യൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത് .. മനസിലാക്കാനാവില്ല .."
ജന്മബന്ധങ്ങളുടെ കടം വീട്ടാൻ കാലം അനുവദിച്ചു തന്ന കടലാസിലെ കൂട്ടക്ഷരങ്ങൾക്ക് കരങ്ങൾ മുളക്കുന്നതും അവ തന്നെ വാൽസല്യത്തോടെ പുൽകുന്നതും അയാൾ അറിഞ്ഞു ... കത്തുകളെ ഫോണിൽ ചിത്രങ്ങളാക്കി തന്റെ ഇന്ത്യൻ സുഹൃത്ത് ഇഷക്ക് കൈമാറിയിരുന്നു ഡോണ ..
'ഇത് ഇന്ത്യൻ ഭാഷയായ മലയാളത്തിൽ എഴുതപ്പെട്ടിരിക്കുന്ന കത്തുകളാണ് .
പോസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തിലുള്ള ബത്തേരിയിൽ നിന്നും ... ഇഷയുടെ സുഹൃത്ത് മൊഴിമാറ്റം ചെയ്ത് അത് ഇമെയിൽ ചെയ്യാമെന്നേറ്റിരിക്കുന്നു .
'ഇനി ഈ രാത്രി മുൻപോട്ട് യാത്ര ചെയ്യാനാവില്ല സർ ..." നീലഗിരി കുന്നുകളിൽ നിന്നും ചുരുളുകളായി പറന്നിറങ്ങിയ കോടമഞ്ഞ് കാവൽ നിൽക്കുന്ന ഗുണ്ടൽപെട്ട വനാതിർത്തിയിലെ ചെക്ക് പോസ്റ്റിലാണ് ഡാഡിനെ തേടിയുള്ള യാത്ര ഡേവിഡിനെ എത്തിച്ചത് .
'രാവിലെ ആറു മണിക്ക് ബസുണ്ട് അല്ലെങ്കിൽ മൈസൂരിലേക്ക് തിരിച്ചു പോയി രാവിലെ പോകാം" ടാക്സി ഡ്രൈവർ ധൃതിപ്പെട്ടു ..
പിന്നോട്ടുള്ള യാത അയാൾക്ക് ചിന്തിക്കാനാകുമായിരുന്നില്ല .. കടലുകൾ താണ്ടിയെത്തി കോടമഞ്ഞിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാടിന്റെ തീരത്ത് അയാൾ പകലിനെ കാത്തിരുന്നു. മൊഴിമാറ്റം ചെയ്പ്പെട്ട അച്ചന്റെ സ്നേഹ നിർഭരമായ കത്തുകൾ വീണ്ടും വായിച്ചും ഡോണയുടെ മെസേജുകൾക്ക് മറുപടി അയച്ചും അയാൾ നേരം വെളുപ്പിച്ചു .
അതിരാവിലെ ആദ്യത്തെ ബസിൽ തന്നെ അയാൾ ബത്തേരി എത്തി. തനിക്ക് അജഞാതമായ ബത്തേരി നഗരത്തിൽ തന്റെ ഡാഡിനെ തിരഞ്ഞു തുടങ്ങി. ആദ്യമെത്തിയത് പോസ്റ്റോഫിസിലാണ്
' ഈ കത്ത് എഴുതിയ ജെയിംസിനെ നേരിട്ട് പരിചയമില്ല . വർഷങ്ങളോളം പഴക്കമുള്ള കത്തുകളാണ് ഇത് .. അന്ന് ഇവിടെയുണ്ടായിരുന്നവർ റിട്ടയർ ആവുകയോ ഇവിടെ നിന്നും ജോലി മാറി പോവുകയോ ചെയ്തിരിക്കുന്നു'
പോസ്റ്റു മാസറ്ററുടെ മനസിലെ തുളുമ്പി നിൽക്കുന്ന പുത്രവാൽസല്യം കണ്ണുകളിൽ ആർദ്രമാവുന്നത് ഡേവിഡ് കണ്ടു ..
' പക്ഷെ ഈ കത്തിൽ സൂചിപ്പിച്ചുട്ടുള്ള ഡേവിഡ് ടോയ് സ്റ്റോർ ഇപ്പോഴും ഉണ്ട്.. നമ്മുക്ക് അവിടം വരെ പോയി നോക്കാം ."
ജീവിതത്തിൽ ആദ്യമായി കത്ത് എഴുതിയവരെ തേടി ആ പോസ്റ്റ് മാസ്റ്റർ നടന്നു തുടങ്ങി ..
ഒത്തിരി കളിപ്പാട്ടങ്ങൾ തൂങ്ങി കിടക്കുന്ന ആ ടോയി സ്റ്റോറിൽ മുൻ നിരയിൽ കുഞ്ഞ് കുഞ്ഞ് സാന്ത ക്ലോസുകളെ അടുക്കി വെച്ചിരിക്കുന്നത് ഡേവിഡ് കണ്ടു..
' ഇത് ഡേവിഡ് ..." പോസ്റ്റു മാസ്റ്റർ കടക്കാരനോട് സംസാരിച്ചു തുടങ്ങി
' ഇയാൾ അച്ഛനെ തേടിയുള്ള യാത്രയിലാണ് .. കുറച്ചു കത്തുകൾ കൈവശമുണ്ട് "
ആ കടക്കാരന്റെ മുഖം കോച്ചി വലിഞ്ഞ് ആശ്ചര്യത്തിൽ ഒരു മാത്ര അപ്രത്യക്ഷമാകുന്ന പോലെ തോന്നി ഡേവിഡിന് ..
' ഞാൻ ജെയിംസ് സാറിന്റെ ജോലിക്കാരനാണ്. ഒത്തിരി വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നു ..
ഒരിക്കൽ മോൻ ഇവിടെ വരുമെന്ന് സാറ് പറഞ്ഞിട്ടുണ്ട് "
ഒരു ഇടുങ്ങിയ വാതിലിലൂടെ കടക്കാരൻ ഡേവിഡിനെ കൂട്ടി കൊണ്ട് പോയി .. അരണ്ട വെളിച്ചത്തിൽ നിറം മങ്ങിയ ഭിത്തികൾക്കിടയിൽ ഒരൂ കൂട്ടം കളി പാട്ടങ്ങളും പുസ്തകങ്ങളും എഴുതി വച്ചിരിക്കുന്ന കത്തുകളും അയാൾ കണ്ടു .. വർണ്ണങ്ങൾ മാഞ്ഞു തുങ്ങിയ പഴകിയ ഒരു സമ്മാന പൊതിയിലെ പൊടി നീക്കിയ ലേബലിൽ വ്യകതമല്ലാതെ പതിഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ 'മെറി ക്രിസ്തുമസ് ടു ഡേവിഡ് ജെയിംസ് ഫ്രം യുവർ ഡാഡ് ജെയിംസ് ഡേവിഡ് "
തീക്ഷണമായ വികാരക്ഷോഭത്താൽ അയാളുടെ കണ്ണുകൾ നിറഞ്ഞു .
ആ സമ്മാന പൊതിക്കുള്ളിൽ വർഷങ്ങൾ പഴക്കമുള്ള ലൈറ്റിനിങ്ങ് മക്വീൻ കാറുകളും കുങ്ങഫു പാണ്ട പാവകളെയും ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ ചേർത്തു പിടിച്ചു .
'രണ്ടു വർഷമായി ജെയിംസ് സാർ തണൽ എന്ന സ്ഥാപനത്തിലാണ് താമസം."
'ഓർമ്മകൾ അവസാനിക്കുന്നതിന് മുൻപ് അയാൾ നിന്റെ പേരാണ് എഴുതി നിറുത്തിയത്. മകനെ , ഒരു വെള്ള കടലാസിൽ മുഴുവൻ അയാൾ നിന്റെ പേര് കോറിയിട്ടു ..
അതിനു ശേഷം അയാൾ അക്ഷരങ്ങളും മറന്നു പോയി..
ശൂന്യമായ കടലാസിലേക്ക് നാളുകളോളം നോക്കിയിരുന്നു ."
തണൽ എന്ന വൃദ്ധ സദനം നോക്കി നടത്തിയിരുന്ന രാജേട്ടന്റെ മുഖത്തെ സൗമ്യത വാക്കുകൾക്കുമുണ്ടായിരുന്നു .
'രണ്ടു വർഷം മുൻപ് വഴിയിലൂടെ നടന്നു പോവുമ്പോൾ എതിരെ വന്ന ബസിടിച്ച് മസ്തിഷ്കത്തിലേറ്റ ആഘാതത്തിൽ ജെയിംസിന്റെ ഓർമ്മ നഷ്ടപെട്ടു തുടങ്ങി ..അയാൾക്ക് അങ്ങനെ കാര്യമായ ബന്ധുക്കൾ ഒന്നുമില്ല .. ആശുപത്രിയിൽ നിന്നും ഞാനാണ് ഇങ്ങോട്ട് കൊണ്ടു വന്നത് '
ചായ കൊണ്ടു വന്ന ചേച്ചിയൊടൊപ്പം മുറിയിലേക്ക് കടന്നു വന്ന മനുഷ്യനിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു .
'ചേട്ടാ..." എന്ന് വിളിച്ചു രാജേട്ടന്റെ അടുത്തേക്ക് നടന്നടുക്കുന്നത് തന്റെ തന്നെ പ്രതിഫലനമാണെന്ന് തോന്നി ഡേവിഡിന് .. അകത്തേക്ക് വന്ന മനുഷ്യൻ എല്ലാവരെയും നോക്കി അർത്ഥശൂന്യമായി പുഞ്ചിരിച്ചു. കൈയിലിരുന്ന ഒരു കുഞ്ഞ് സാന്താക്ലോസിനെ അയാൾ ഉയർത്തി കാണിച്ചു . ആ മനുഷ്യനെ ആശ്ലേഷിച്ച ഡേവിഡ് , ജീവിതത്തിൽ ആദ്യമായി പരിചയപ്പെട്ടവരുടെ മുൻപിലിരുന്ന് അറിയാതെ തേങ്ങി പോയി ..
തന്നെ കെട്ടി പിടിച്ചിരിക്കുന്ന അപരിചതൻ അപഹരിക്കുമെന്ന ഭീതിയിൽ ജെയിംസ് തന്റെ സാന്റാക്ലോസിനെ മുറുകെ പിടിച്ചു കൊണ്ടിരുന്നു.