മുംബൈ: വേദന താങ്ങാനാവാതെ അമ്മ നിലവിളിക്കുമ്പോൾ പിതാവ് തൊട്ടടുത്ത് കട്ടിലിൽ സുഖമായി ഉറങ്ങുന്നത് കണ്ട് നിൽക്കാൻ അവൾക്ക് സാധിച്ചില്ല. ജീവീതത്തിൽ ആദ്യമായി അവൾ തന്റെ പിതാവിന് നേരെ പൊട്ടിത്തെറിച്ചു. പിതാവിന്റെ വഴിവിട്ട ബന്ധങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്ന അമ്മയെക്കുറിച്ചും ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന തന്റെ ജീവിതത്തെക്കുറിച്ചും വിശദമാക്കുകയാണ് ഹ്യുമൻസ് ഓഫ് മുംബയ് എന്ന ഫേസ്ബുക്ക് പേജിൽ ആ യുവതി.
കൺമുന്നിൽ എപ്പോൾകിട്ടിയാലും മർദ്ദിക്കുക എന്നതായിരുന്നു പിതാവിന്റെ ശീലം. തന്റെ നിലവിളിയോ തടയാൻ ശ്രമിക്കുന്ന അമ്മയോ ഒന്നും ക്രൂര മർദ്ദനത്തിന് തടസമായിരുന്നില്ല. ബെൽറ്റ്, ഷൂസ്, വടി എന്നിങ്ങനെ കൈയ്യിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ചായിരുന്നു പിതാവിന്റെ മർദ്ദനം.. തടയാൻ ശ്രമിക്കുന്ന അമ്മയേയും സഹോദരനേയും ദയയില്ലാതെ പിതാവ് തല്ലുമായിരുന്നുവെന്നും യുവതി പറയുന്നു. മർദ്ദനത്തിനൊടുവിൽ തന്നെ ഇരുട്ട് മുറിയിലടച്ച ശേഷം ഉറക്കെ ടിവി വച്ച് കാണുന്നതും പിതാവിന്റെ രീതിയായിരുന്നുവെന്ന് യുവതി കുറിക്കുന്നു.
പിതാവിന്റെ സ്വഭാവം മാറുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു അമ്മയുടെ പ്രതികരണം. പ്രതികരിച്ചാൽ ഭർത്താവ് ഉപേക്ഷിക്കുമോയെന്ന ഭയവും ഭർത്താവില്ലാതെ കുടുംബമായി മുന്നോട്ട് പോയാല്‍ സമൂഹം എന്ത് പറയുമോ എന്നതുമായിരുന്നു അമ്മയെ അലട്ടിയിരുന്നത്. എന്നാൽ പിതാവിന് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടെന്ന് മകൾ കണ്ടെത്തി. വിവരം അമ്മയെ അറിയിച്ചപ്പോഴാണ് തനിക്ക് ലൈംഗിക രോഗമുണ്ടെന്നും അത് ഭർത്താവിൽനിന്ന് ലഭിച്ചതാണെന്നും അമ്മ വിശദമാക്കുന്നത്.
പുറത്ത് നിന്ന് നോക്കിയാൽ ഒരു പ്രശ്നവും ഇല്ലാത്ത കുടുംബമെന്ന ചിത്രം തകരുമോയെന്ന അമ്മയുടെ ഭയം യുവതിയെ വീണ്ടും നിശബ്ദയാക്കി. അങ്ങനെയൊരു നാളിലാണ് ഒന്നാം വർഷബിരുദ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാവിട്ട് കരയുന്ന അമ്മയേയും ഭയന്ന് മാറി നിൽക്കുന്ന അനിയനേയും യുവതി കണ്ടത്. അമ്മയുടെ ചുമലിൽഗുരുതര പരിക്കുണ്ടായിരുന്നു. വേദന താങ്ങാനാവാതെ അമ്മ നിലവിളിക്കുമ്പോൾ പിതാവ് തൊട്ടടുത്ത് കട്ടിലിൽ സുഖമായി ഉറങ്ങുന്നത് കണ്ട് നിൽക്കാൻ യുവതിക്ക് സാധിച്ചില്ല. ജീവിതത്തിൽ ആദ്യമായി അവൾ പൊട്ടിത്തെറിച്ചു. അമ്മ നേരിടുന്നത് ഗാർഹിക പീഡനമാണെന്നും ഇനിയും മർദ്ദിച്ചാൽ പൊലീസിൽപരാതിപ്പെടുമെന്നും യുവതി പറഞ്ഞു. ക്ഷുഭിതനായ പിതാവ് അമ്മയെ വീണ്ടും മർദ്ദിക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ ജീവന്‍ കളയാൻ പറ്റില്ലെന്ന് ഉറപ്പിച്ച യുവതി ശക്തമായി പ്രതികരിച്ചു.
അമ്മയുടെ നേരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവൾക്ക് സാധിച്ചു. കൂട്ടിന് മുത്തച്ഛനും മുത്തശ്ശിയും കൂടി വന്നതോടെ പിതാവിനോട് വീടിന് പുറത്ത് പോവാൻ അവൾആവശ്യപ്പെട്ടു. ഒരു തരത്തിലും പിതാവിന്റെ പ്രവർത്തികൾ അനിയനെയും മറ്റുള്ളവരേയും ബാധിക്കാതിരിക്കാൻ ചികിത്സ നേടുകയാണ് ഇപ്പോൾ ഇവർ. അമ്മയുടെ വിവാഹമോചനത്തിന്‍ വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പിതാവുമൊത്ത് ഒരു കൂരയ്ക്ക് കീഴിലല്ല കഴിയുന്നതെങ്കിലും ഇപ്പോള്‍ സമാധാനമുണ്ട്. ജോലിയെടുത്ത് കുടുംബം നോക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു..