തിരുവനന്തപുരം: പ്രതീക്ഷകളുടെ ചിറകിലേറി ആ ഹെലികോപ്ടർ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് ആകാശസർവേ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ കമ്പനിയുടെ ഹെലികോപ്ടറാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. എറണാകുളം വരെയുള്ള സർവേ പൂർത്തിയായിക്കഴിഞ്ഞു. നാളെയാണ് തിരുവനന്തപുരം ജില്ലയിലെ ആകാശസർവേ നടത്തുക. കാലാവസ്ഥാ, സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ റെയിൽവേ ലൈനിനു വേണ്ട വിവരങ്ങൾ ആകാശസർവേയിലൂടെ ശേഖരിക്കാനായെന്ന് പദ്ധതി നടത്തിപ്പിനുള്ള റെയിൽവേ വികസന കോർപറേഷൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയർന്നാണ് സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് ഹെലികോപ്ടർ ആകാശ സർവേ നടത്തുക. പതിനൊന്ന് ജില്ലകളിൽ സ്ഥലമെടുപ്പിനായി സർവേയിൽ ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങൾ ശേഖരിക്കും. ജനവാസം കുറഞ്ഞ മേഖലകളിലൂടെ അലൈൻമെന്റ് നിശ്ചയിച്ച് സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാനാണ് 1.70കോടിക്ക് ആകാശസർവേ നടത്തുന്നത്. 30ദിവസത്തിനകം അലൈൻമെന്റ് നിശ്ചയിച്ച് വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കും. ഇത് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിച്ചാലേ പദ്ധതിക്ക് അന്തിമാനുമതിയാവൂ. ഡി.പി.ആർ തയ്യാറാക്കിയശേഷമേ വിദേശവായ്പയെടുക്കുന്നതിലടക്കം അന്തിമ തീരുമാനമെടുക്കാനാവൂ. തിരുവനന്തപുരം ജില്ലയിലെ സർവേ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ കേന്ദ്ര പ്രതിരോധ വകുപ്പിന് സമർപ്പിക്കണം. അവരുടെ പരിശോധനയ്ക്ക് ശേഷമേ ഡാറ്റ റെയിൽവേ വികസന കോർപറേഷന് ലഭ്യമാവൂ. തിരുവനന്തപുരം വിമാനത്താവളം, വി.എസ്.എസ്.സി എന്നിവയ്ക്ക് മേൽ പറക്കാൻ കോപ്ടറിന് അനുമതിയില്ല.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വരെയാണ് സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കണക്ഷനുണ്ടാവും. ഇതിനായി റെയിൽവേ വികസന കോർപറേഷൻ വിമാനത്താവള അതോറിട്ടിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. വിമാനത്താവളത്തിൽ സെമി ഹൈ സ്പീഡ് റെയിലിന്റെ സ്റ്റേഷനുമുണ്ടാവും. തിരുവനന്തപുരത്ത് വന്നിറങ്ങുന്ന പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വേഗത്തിൽ കാസർകോട് വരെയെത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഉണ്ടാവുക. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) എന്ന സാങ്കേതിക വിദ്യയിലൂടെ ഹെലികോപ്ടറിൽ ഘടിപ്പിച്ച ലേസർ സ്കാനറുകളും സെൻസറുകളും ഉപയോഗിച്ചാണ് ആകാശ സർവേ നടത്തുന്നത്. സർവേ നടത്തുന്ന ഭൂമിയുടെ കൃത്യമായ ത്രിമാനരൂപമാണ് ഇതിലൂടെ ലഭിക്കുക. 25കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണ ആകൃതിയിലുള്ള ഇടനാഴികളായി റഫറൻസ് പോയിന്റുകൾ ഇതിനായി മാർക്കുചെയ്തിട്ടുണ്ട്. സർവേയിലൂടെ ശേഖരിക്കുന്ന ഡാറ്റ വിശകലനം നടത്തിയാണ് അന്തിമ അലൈൻമെന്റുണ്ടാക്കുക. തന്ത്രപ്രധാന സർവേയായതിനാൽ കോപ്ടറും ലേസർ സ്കാനറുകളും പ്രതിരോധമന്ത്രാലയം സൂക്ഷ്മപരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം മുതൽ തിരുനാവായവരെ പുതിയ അലൈൻമെന്റിൽ രണ്ടുലൈൻ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായാണ് പുതിയലൈനുകൾ. പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്. വിശദമായ പദ്ധതിരേഖ സമർപ്പിച്ചാൽ അന്തിമാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. റെയിൽവേക്കും കേന്ദ്ര സർക്കാരിനും ഏറെ താത്പര്യമുള്ള പദ്ധതിയാണിത്. ആറു സീറ്റുള്ള ഇറ്റാലിയൻ നിർമ്മിത പി-68 ഒബ്സർവർ ഇരട്ടഎൻജിൻ ഹെലികോപ്ടറാണ് ആകാശസർവേ നടത്തുന്നത്. ആറു സീറ്റുകളുള്ള കോപ്ടറിന്റെ രണ്ട് സീറ്റുകൾ ലിഡാർസർവേക്കുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഇളക്കിമാറ്റി. രണ്ട് പൈലറ്റുമാരും ജിയോനോ കമ്പനിയുടെയും റെയിൽവികസന കോർപറേഷന്റെയും ഓരോ സാങ്കേതികവിദഗ്ദ്ധരുമാവും കോപ്ടറിലുണ്ടാവുക. സർവേയ്ക്കായി ഗ്രൗണ്ട്പോയിന്റുകളും സെന്റർപോയിന്റുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്- മുംബയ് ബുള്ളറ്റ് റെയിൽവേ ലൈനിനുവേണ്ടി സർവേ നടത്തിയതും ജിയോനോ കമ്പനിയാണ്. ഇന്ത്യൻ പൈലറ്റുമാരെയേ കോപ്ടർ പറത്താൻ അനുവദിക്കൂ.
ആകാശ സർവേ കൃത്യമായി പുരോഗമിക്കുകയാണ്. ഡിജിറ്റൽ വിവരങ്ങൾ വിശകലനം ചെയ്ത് അന്തിമ അലൈൻമെന്റുണ്ടാക്കണം. ഡി.പി.ആർ ഫെബ്രുവരിയിൽ കേന്ദ്രത്തിന് സമർപ്പിക്കാനാവും.- വി.അജിത്കുമാർ മാനേജിംഗ് ഡയറക്ടർ, റെയിൽവികസന കോർപറേഷൻ