bjp-

ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി കർണാടകത്തിലെ ബിജെപി എം.എൽ.എ. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണമെന്നാണ് ബെല്ലാരി എം എൽ എ സോമശേഖര റെഡ്ഡി പറഞ്ഞത്. ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക് അറിയാമെന്നും റെഡ്ഡി പറഞ്ഞു.

ഇവർ പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവർ വെറും അഞ്ച് ശതമാനമേയുള്ളു. കോൺഗ്രസിലെ മണ്ടന്മാർ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങൾതെരുവിലേക്കും വരുന്നു. ഞങ്ങളാണ് 80 ശതമാനവും, നിങ്ങൾ വെറും 17 ശതമാനമേയുള്ളു. ഞങ്ങൾ നിങ്ങൾക്കെതിരെ തിരിഞ്ഞാൽ എന്താകും അവസ്ഥ? പൗരത്വഭേദഗതിയെ പിന്തുണച്ച് ബി.ജെ.പി നടത്തിയ പൊതുപരിപാടിയിൽ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞു.

പേരെടുത്തു പറയാതെയുള്ള പരാമർശങ്ങൾ മുസ്ലീങ്ങൾക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീങ്ങളും എന്നു തന്നെയാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.