തിരുവനന്തപുരം: മുൻ വർഷങ്ങളെ അപേക്ഷിച്ച് വെയിലിന് ചൂട് കൂടിയ ജനുവരി മാസമാണിത്. ധനുമാസ കുളിരൊക്കെ പഴങ്കഥയാണോയെന്ന് സംശയിച്ചുപോകുന്നത്ര ചൂട്. മാറിയ കാലാവസ്ഥയിൽ ചൂടെത്ര കൂടിയാലും നേരിടാൻ മൃഗശാലയും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. വേനൽകാലമെത്താൻ ഇനിയും നാളുകൾ ബാക്കിയുണ്ടെങ്കിലും മൃഗശാലയിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മൃഗങ്ങൾക്കും പക്ഷികൾക്കും എ.സിയുടെ കുളിര്
ചൂട് താങ്ങാൻ കഴിയാത്ത ജീവജാലങ്ങൾക്കായി കൂടുകളിൽ എ.സി സ്ഥാപിച്ചുകഴിഞ്ഞു. എ.സിക്ക് പുറമേ മുഴുവൻ സമയവും കൂട്ടിൽ ഫാനും, ഷവറും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കിയിട്ടുണ്ട്. അനാക്കോണ്ട, കടുവ, കരടി, ഒട്ടകപക്ഷി, ഉരഗങ്ങൾ, റിയ പക്ഷികൾ തുടങ്ങിയവയ്ക്കെല്ലാം ശരീരതാപം ക്രമീകരിക്കുന്നതിനാവശ്യമായതെല്ലാം ഒരുക്കിയതായി മൃഗശാല ഡയറക്ടർ അബു ശിവദാസ് പറഞ്ഞു. ചൂട് ഒട്ടും താങ്ങാൻ കഴിയാത്ത ജീവജാലങ്ങൾക്കായി ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കരടികൾക്ക് തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച്, ആപ്പിൾ, പഴങ്ങൾ എന്നിവ ഫ്രീസറിൽ വച്ച് തണുപ്പിച്ചാണ് നൽകുന്നത്. പഴങ്ങളിൽ നിന്ന് ആവശ്യത്തിന് പോഷണം ലഭിക്കുന്നതിനൊപ്പം ശരീരത്തിന് തണുപ്പും കിട്ടും. ഇവയ്ക്ക് പുറമേ നീലക്കാള, കടുവ, ഹിമാലയൻ കരടി എന്നിവയുടെയും പക്ഷികളുടെയും കൂടുകളിൽ ആവശ്യത്തിന് ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. കുരങ്ങുകൾക്കും കിളികൾക്കും വരണ്ട ധാന്യത്തിനു പകരം ശരീരത്തെ ജലാംശം നിലനിറുത്തുന്നതിനും ദഹനത്തിനും ലവണങ്ങൾക്കുമായി പയർ, കടല എന്നിവ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചാണ് നൽകുന്നത്. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറിയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളെ ദിവസവും കുളിപ്പിക്കുന്നുമുണ്ട്. പക്ഷികളുടെ കൂടുകളിൽ മേൽക്കൂരകളും സജ്ജമാക്കിക്കഴിഞ്ഞു.
പച്ചപുതച്ച മ്യൂസിയം പരിസരം
വേനൽ കടുത്ത് പരിസരപ്രദേശങ്ങൾ ഉണങ്ങിവരണ്ടാലും മ്യൂസിയം, മൃഗശാല പരിസരം ഒട്ടും വാടില്ല. പകൽ ചെടികൾ നനയ്ക്കുന്നതിന് പുറമേ രാത്രി കൂടി നനയ്ക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജോലിക്കാരെ സജ്ജരാക്കികഴിഞ്ഞു.
രാത്രിയിൽ സന്ദർശക തിരക്കും ഇല്ലാത്തതിനാൽ ചെടികൾക്ക് വേണ്ടത്ര വെള്ളമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലക്ഷാമം ഉണ്ടാവില്ല
മൃഗശാലയ്ക്കുള്ളിലെ കുളത്തിൽ നിന്നും വാട്ടർ അതോറിറ്റിയിൽനിന്നുമുള്ള വെള്ളം സംഭരിച്ചാണ് ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുന്നത്. പത്ത് ദിവസത്തിലധികം വെള്ളം ഇല്ലാതിരുന്നാലും ജലക്ഷാമം വരാത്ത രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കിയതായി അധികൃതർ പറയുന്നു. വേനൽ കടുത്തുകഴിഞ്ഞ് ആവശ്യമെങ്കിൽ പുറത്തുനിന്ന് വെള്ളമെത്തിക്കുന്നതിനെപ്പറ്റിയും അധികൃതർ ആലോചിക്കുന്നുണ്ട്.
വസന്തോത്സവത്തിൽ മ്യൂസിയം, മൃഗശാല വകുപ്പിന് അംഗീകാരം
ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിൽ മ്യൂസിയം, മൃഗശാല വകുപ്പ് ബൊട്ടാണിക്കൽ ഗാർഡന് അംഗീകാരം. സർക്കാർ വകുപ്പുകളിലെ മികച്ച ബൊട്ടാണിക്കൽ ഗാർഡനുകൾ തമ്മിലുള്ള മത്സരത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പാണ് മ്യൂസിയം, മൃഗശാല വകുപ്പ് സ്വന്തമാക്കിയത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഈ നേട്ടം. 60 ഇനങ്ങളുള്ള മത്സരത്തിൽ 57 ഇനങ്ങളിൽ പങ്കെടുത്ത് 421 പോയിന്റാണ് വകുപ്പ് നേടിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. സെക്രട്ടേറിയറ്റിനാണ് രണ്ടാം സ്ഥാനം.
മത്സരത്തിനും പ്രദർശനത്തിനുമായി 1600ഓളം ചെടിച്ചട്ടികളാണ് ഇത്തവണ മ്യൂസിയം, മൃഗശാല വകുപ്പ് കനകക്കുന്നിൽ ഒരുക്കിയിട്ടുള്ളത്. ഗാർഡൻ സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം തൊഴിലാളികളുടെ എട്ട് മാസത്തെ അദ്ധ്വാനമാണ് ഇൗ നേട്ടത്തിന് പിന്നിൽ.