തിരുവനന്തപുരം: ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നിരവധി രോഗികളും കുട്ടികളും ഗർഭിണികളുമുള്ള പ്രദേശത്തെ ടവർ നിർമാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കൊരുങ്ങുകയാണ് ചാക്ക ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ നാട്ടുകാർ.
നിലവിൽ മൊബൈൽ റെയ്ഞ്ചിന് പ്രശ്നമൊന്നുമില്ലാത്ത പ്രദേശത്ത് പുതിയ ടവറിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ വാദം. സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു ദിവസം മുൻപാണ് ഇവിടെ സ്വകാര്യ കമ്പനി നേരിട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2017ൽ ഇതേ സ്ഥലത്ത് ടവർ നിർമ്മിക്കുന്നതിന് മുൻപും ശ്രമങ്ങൾ നടന്നിരുന്നു. അന്ന് നിർമാണത്തിനെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചു. തുടർന്ന് പണി നിറുത്തിവച്ചു. കോർപറേഷനിലും കളക്ടറേറ്റിലും കമ്പനി വ്യാജ റിപ്പോർട്ട് ഹാജരാക്കിയാണ് നിർമാണം പുനരാരംഭിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. 2500 പേർക്ക് മൊബൈൽ സിഗ്നൽ കിട്ടുന്നില്ലെന്ന് കാണിച്ച് കമ്പനി ഹാജരാക്കിയ റിപ്പോർട്ട് വ്യാജമാണെന്നും റിപ്പോർട്ടിൽ പറഞ്ഞ ആളുകളൊന്നും പ്രദേശവാസികളല്ലെന്നും നാട്ടുകാർ പറയുന്നു. നിർമാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടറേറ്റിൽ നൽകിയ പരാതിയിലും പരിഹാരമായില്ല.
ടവറിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് 200ഓളം കുടുംബങ്ങൾ. ചതുപ്പ് പ്രദേശത്താണ് ടവർ പണിയുന്നതും. രണ്ട് അംഗൻവാടി, ബ്രഹ്മോസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന, എയർപോർട്ട് അതോറിട്ടിയുടെ റെഡ്സോണിൽ ഉൾപ്പെടുന്ന പ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.