ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണമുണ്ടായത്.
വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു. അതിനിടെ, പശ്ചിമേഷ്യയില്‍ മൂവായിരം സൈനിക ട്രൂപ്പുകളെ അധികമായി വിന്യസിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷസാദ്ധ്യത മുന്നില്‍ക്കണ്ടാണ് അമേരിക്കന്‍ നീക്കം.
ഇറാൻ സൈനിക കമാൻഡറും ജെയിംസ് ബോണ്ടിനെ പോലെ ജനപ്രിയ പരിവേഷമുള്ള ചാരത്തലവനുമായ ജനറൽ ഖാസിം സുലൈമാനിയെ (62) വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യു.എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കിക്കൊണ്ട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. റഷ്യയും ചൈനയും നടപടിയെ അപലപിച്ചു.
സുലൈമാനിയെ വധിച്ചതിന് വിനാശകരമായ പ്രതികാരവും ജിഹാദും ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേനി അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഇറാനിലെ രണ്ടാമത്തെ അധികാരകേന്ദ്രമായിരുന്നു സുലൈമാനി. ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡിൽ മേജർ ജനറലായ സുലൈമാനി വിദേശത്തെ രഹസ്യ ദൗത്യങ്ങൾക്കുള്ള ചാരവിഭാഗമായ ഖുദ്സ് സേനയുടെ അധിപനുമായിരുന്നു.