ഹരിപ്പാട്: സുഹൃത്തിന്റെ 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച അനാഥശാല നടത്തിപ്പുകാരനെ തെളിവെടുപ്പിന് എത്തിച്ചു. ഡിസംബർ 27ന് ആലപ്പുഴ പോക്സോ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് റിമാൻഡിലായ കൊടുങ്ങല്ലൂർ മാടവന സ്വദേശിയും ജാമിയ അസീസിയ അനാഥശാല നടത്തിപ്പുകാരനുമായ ഇബ്രാഹിംകുട്ടി മുസ്ളിയാരെയാണ് (60) ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ഹരിപ്പാട് സ്റ്റേഷനിൽ എത്തിച്ചത്.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ കീഴടങ്ങിയത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വൈദ്യ പരിശോധനയ്ക്ക് ശേഷമാണു പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കുട്ടിയുടെ ബന്ധുക്കൾ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ജൂലായ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡാണാപ്പടിയിൽ മതപ്രഭാഷണത്തിനെത്തിയ ഇയാൾ ഹരിപ്പാടിന് സമീപമുള്ള കുട്ടിയുടെ വീട്ടിൽ വിശ്രമിക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. കുട്ടി വിവരം രക്ഷാകർത്താക്കളെ അറിയിച്ചതോടെ ഹരിപ്പാട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു മുങ്ങിയ ശേഷമാണ് ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്.