red-231

വടക്കേ കോവിലകം.

നടുത്തളത്തിലെ കസേരകളിൽ തളർന്നിരിക്കുകയാണ് കിടാക്കന്മാർ.

അവരുടെ ഷർട്ടുകൾ വിയർത്ത് ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു.

പ്രജീഷിനെയോ പരുന്ത് റഷീദിനെയോ കണ്ടെത്താനുള്ള അവരുടെ ശ്രമം വിഫലമായി.

''ഇനി അവരെ നോക്കിയിട്ട് കാര്യമില്ല ചേട്ടാ...''

ശേഖരൻ സകല പ്രതീക്ഷകളും അറ്റവനായി.

അവർ ഇരുവരും കൂടി നിധിയുമായി കടന്നുകളഞ്ഞു. നമ്മൾ മാത്രം ഈ ഭാർഗ്ഗവീനിലയത്തിൽ കുരുങ്ങി. പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റാത്ത അവസ്ഥ. പൊലീസെങ്ങാനും വന്നാൽ...''

ബാക്കി പറഞ്ഞില്ല ശേഖരൻ.

തണുത്ത ഭാവത്തിൽ ശ്രീനിവാസകിടാവും ഒന്നു മൂളി.

''കണക്കറ്റ കോടികളുടെ സമ്പത്ത് കയ്യിലുണ്ടായിരുന്നു എന്നുപറഞ്ഞിട്ട് എന്തുകാര്യം. അതൊക്കെ പൊലീസ് ഫ്രീസു ചെയ്തു. അവരുടെ കയ്യിൽ കിട്ടിയാൽ കേസുകൾ എത്രയെണ്ണം തലയിൽ കെട്ടിവയ്ക്കപ്പെടും എന്നുപോലും അറിയില്ല. ആകെയുള്ള പ്രതീക്ഷ ഇവിടത്തെ നിധിയായിരുന്നു. അതും പോയി... പക്ഷേ തോറ്റുകൊടുക്കാൻ ഇപ്പോഴും മനസ് അനുവദിക്കുന്നില്ല ശേഖരാ. ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുപോലെ... ചന്ദ്രകലയെ കൂട്ടിക്കൊണ്ടു പോകുവാൻ പ്രജീഷ് വരുമെന്ന് ... അങ്ങനെ വന്നാൽ....''

കിടാവിന്റെ പല്ലുകൾ ഞെരിഞ്ഞുടഞ്ഞു.

അടുത്ത നിമിഷം.

കോവിലകത്തെ വിറപ്പിച്ചുകൊണ്ട് വാൾക്ളോക്കിന്റെ ഇടിമുഴക്കംപോലെയുള്ള ശബ്ദം കേട്ടു.

പന്ത്രണ്ടു തവണ!

കിടാക്കന്മാർ ഞെട്ടലോടെ പരസ്പരം നോക്കി.

ഒരു പഴയ ക്ളോക്ക് ഭിത്തിയിൽ തൂക്കിയിരിക്കുന്നതു കണ്ടാണ്. എന്നാൽ, തങ്ങൾ ഇവിടെ വന്നശേഷം ആദ്യമായാണ് അതിൽ ശബ്ദമുയരുന്നത്.

ഓരോ ഒച്ചയും തങ്ങളുടെ ഹൃദയ ഭിത്തികളിൽത്തട്ടി പ്രതിധ്വനിക്കുന്നത് ഇരുവരും അറിഞ്ഞു.

''ചത്തു കിടന്ന ക്ളോക്ക്. ഇപ്പഴെങ്ങനാ ശബ്ദിച്ചത്?''

ശേഖരന്റെ ശബ്ദം വിറച്ചു.

''ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നല്ലേ? നമ്മുടെ ദോഷ സമയത്തിന്റെ മുന്നറിയിപ്പാ ഇത്.''

കിടാവു മന്ത്രിച്ചു.

അടുത്ത നിമിഷം ഒരു ശബ്ദം കൂടി. അത് ഒരു വാതിൽ തുറക്കുന്നതായിരുന്നു.

നടുത്തളത്തിൽ ഇരുന്നുകൊണ്ടു തന്നെ ഇരുവരും കണ്ടു, പാഞ്ചാലി ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽപ്പാളി തുറക്കപ്പെടുന്നു...

ലൈറ്റുകൾ മുഴുവൻ തെളിഞ്ഞു നിന്നിരുന്നതിനാൽ ആ കാഴ്ച വ്യക്തമാണ്.

പെട്ടെന്ന്...

വാതിൽ നിറഞ്ഞ് പുക തള്ളിവരുന്നു....

ഇരുവരും ഭയന്നു ചാടിയെഴുന്നേറ്റു.

നേരത്തെ ഇത്തരം രംഗത്തിനു സാക്ഷിയാകേണ്ടി വന്നതിനാൽ അവർ അടിമുടി വിറച്ചു.

വീണ്ടും വീണ്ടും പുക വന്നുകൊണ്ടിരുന്നു.

വരാന്തയിൽ പുക രണ്ടായി പിരിയുന്നു. ഇരുഭാഗത്തേക്കും.

''ശേഖരാ''...

കിടാവിന്റെ ശബ്ദം പുറത്തു വന്നില്ല. പുകയാൽ ലൈറ്റുകളുടെ വെളിച്ചം മങ്ങി.

പുകയ്ക്കുള്ളിൽ കരിനിഴലുകൾ പിടച്ചു. ഓരോ നിഴലിന്റെയും കൈകളിൽ നിന്ന് വീണ്ടും വീണ്ടും പുക ഉയരുകയാണ്.

ചട്ടി പോലെയുള്ള എന്തിൽ നിന്നോ പുക വരുന്നതുപോലെ...

ഒപ്പം കുന്തിരിക്കത്തിന്റെ കടുത്ത ഗന്ധം!

''ഓടിക്കോടാ. മുറിയിൽ കയറി വാതിൽ അടയ്ക്കണം.''

പറഞ്ഞതും ശ്രീനിവാസകിടാവ് ഓടി. പിന്നാലെ ശേഖരനും.

ഇരുവർക്കും മുറിയുടെ വാതിൽക്കൽ എത്താനേ കഴിഞ്ഞുള്ളൂ. അവർ പുകയ്ക്കുള്ളിലായി...

കറുത്ത നിഴലുകൾക്കുമുന്നിൽ!

''കൊല്ലരുത്''.

കിടാവ് അലറിക്കരഞ്ഞു.

കറുത്ത നിഴലുകൾ പക്ഷേ, അവരെ മുറിക്കുള്ളിലേക്ക് തള്ളി. ഒപ്പം കുന്തിരിക്കത്തിന്റെ പുക ഉയരുന്ന ഒരു ചട്ടിയും മുറിക്കുള്ളിലേക്കു വച്ചു. മറ്റൊരു കറുത്ത നിഴൽ ചട്ടിയിലേക്ക് എന്തോ വാരിയിട്ടു. പിന്നെ വാതിൽ ചേർത്തടച്ചു.

തൽക്കാലം രക്ഷപ്പെട്ടു എന്നൊരു വിചാരമുണ്ടായിരുന്നു കിടാക്കന്മാർക്ക്.

പക്ഷേ തെറ്റി!

കുന്തിരിക്കത്തിനു പകരം ഇപ്പോൾ പുകയിൽ മറ്റൊരു ഗന്ധംകൂടി കലർന്നു.

എരിയുന്ന മുളകിന്റെ ഗന്ധം.

ഇരുവരുടെയും കണ്ണുകൾ നീറി.

''നാശം...''

ശേഖരൻ ആ ചട്ടി തൊഴിച്ചെറിഞ്ഞു. തീക്കനലുകൾചുറ്റും ചിതറി.

എന്നാൽ കരിഞ്ഞു തുടങ്ങിയ മുളകുകളുടെ രൂക്ഷ ഗന്ധത്തിൽ നിന്ന് രക്ഷപ്പെടാനാകുന്നില്ല.

ഇരുവരും ശക്തമായി ചുമയ്ക്കാൻ തുടങ്ങി.

''ഫാനിട് ശേഖരാ.....''

കിടാവ് മൂക്കുപൊത്തി.

ശേഖരൻ സ്വിച്ചിട്ടു. പക്ഷേ ഫാൻ കറങ്ങിയില്ല.

ഇരുവർക്കും ശ്വാസം മുട്ടിത്തുടങ്ങി. ശ്രീനിവാസ കിടാവ് നെഞ്ചിൽ അമർത്തി തടവിക്കൊണ്ട് വാതിൽക്കലെത്തി.

അതു തുറക്കാൻ ശ്രമിച്ചു.

കഴിഞ്ഞില്ല!

അയാൾ വാതിൽപ്പാളിയിൽ ആഞ്ഞാഞ്ഞടിച്ചു.

''തുറക്കെടാ, അല്ലെങ്കിൽ ഞങ്ങള് ചത്തുപോകും.''

മറുപടിയില്ല.

എന്തും വരട്ടെ എന്നു കരുതി ശേഖരൻ പുറത്തേക്കുള്ള ജനാല തുറന്നു.

പെട്ടെന്നു പുറത്തു നിന്ന് ടോർച്ചിന്റെ വെളിച്ചം അകത്തേക്കുവന്നു.

കിടാക്കന്മാർ നടുങ്ങി.

''ആരാ അത്?''

വെളിയിലെ വായു വലിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട് കിടാവ് മുഖം ജനൽ അഴികളിലേക്ക് അമർത്തി.

''ഞങ്ങൾ പൊലീസാ.''

പുറത്തു നിന്ന രണ്ടുപേരിൽ ഒരാൾ പറഞ്ഞു.

''രക്ഷിക്കണം. ഞാൻ എം.എൽ.എ ശ്രീനിവാസ കിടാവാ... ഞങ്ങൾ അറസ്റ്റുവരിക്കാൻ തയ്യാറാ...''

കിടാവിനു പറയാതിരിക്കാൻ കഴിഞ്ഞില്ല.

''കൂടെയുള്ളത് ആരാ?" പോലീസിന്റെ ചോദ്യം.

''എന്റനുജനാ. ശേഖരൻ."

''ഞങ്ങൾ നാടുമുഴുവൻ തിരയുമ്പം നിങ്ങളിവിടെ സുഖിക്കുകയായിരുന്നു അല്ലേ?''

ഒരാൾ പരിഹസിച്ചു.

''ഞാനൊരു ജനപ്രതിനിധിയാണ്. വേഗം എന്നെ രക്ഷിക്കെടാ.'' കിടാവിലെ എം.എൽ.എ ഉണർന്നു.

(തുടരും)