davinchi-suresh

കൊടുങ്ങല്ലൂർ: മരണത്തെ മുന്നിൽക്കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയ നിമിഷത്തെ വരയിലൂടെ പുന:സൃഷ്ടിച്ച്, കലാകാരൻ ഡാവിഞ്ചി സുരേഷ് എഴുതിയ കുറിപ്പ് വൈറലാകുന്നു. പുതുവത്സരാഘോഷ തലേന്ന് രാത്രി പതിനൊന്നോടെ ഡാവിഞ്ചി സുരേഷ് സഞ്ചരിച്ചിരുന്ന കാർ വലിയൊരു അപകടത്തിൽപെട്ടെങ്കിലും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. മനസും ശരീരവും മരവിച്ച് പോയ ആ നിമിഷത്തെ ചിത്രമാക്കി, അപകടത്തിൽ തകർന്ന തന്റെ കാറിന്റെ ഫോട്ടോയ്ക്കൊപ്പം ചേർത്താണ് ഡാവിഞ്ചി സുരേഷ് സംഭവം വിശദീകരിച്ചുള്ള കുറിപ്പ് തയ്യാറാക്കിയത്.

ഇ.ടി ടൈസൻമാസ്റ്റർ എം.എല്‍.എയുടെ നേതൃത്വത്തിൽ പുന്നക്ക ബസാറില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത പുതുവത്സരാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മതിലകം ഫെഡറല്‍ ബാങ്കിന് സമീപം അതിവേഗതയില്‍ വന്ന ബസ്സിനു പോകാന്‍ വേണ്ടി സൈഡ്‌ ഒതുക്കി മുന്നോട്ടു തന്നെ പോകവെ, എതിരെ മറ്റൊരു വാഹനം വന്നതിനാല്‍ ബസ്സിനു ഓവര്‍ ടേക്ക് ചെയ്യാനായില്ല. ഈ സമയം ബസ്സ്‌ ഡ്രൈവര്‍ ബ്രേക്ക് പോലും ചവിട്ടാതെ സുരേഷിന്റെ കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു.

ശക്തിയായ ഇടിയിൽ തെറിച്ച് പോയ കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത് വീണ്ടും മുന്നോട്ടു പോയി സൈഡ് വീല്‍ കാനയില്‍ കുടുങ്ങിയാണ് നിന്നത്. തലയ്ക്കു മീതെ ഇലക്ട്രിക്‌ പോസ്റ്റ് വന്നു വണ്ടി തകരുന്നത് നേരിൽക്കണ്ട ആ നിമിഷമാണ് സുരേഷ് ചിത്രമാക്കിയത്. പിന്നിലിടിച്ചപ്പോ ഹെഡ് റെസ്റ്റും മുന്നിലിടിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റും രക്ഷയേകിയെന്ന സന്ദേശവും കുറിപ്പ് നൽകുന്നു.